ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കും. പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ചടങ്ങ്. അയോധ്യയിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
ഇന്ന് രാവിലെ മോദി സാകേത് കോളേജിൽനിന്നും അയോധ്യാധാമിലേക്ക് റോഡ് ഷോ നടത്തും. സമീപത്തെ ക്ഷേത്രങ്ങളിലും ദർശനം നടത്തും. ഇതിനു ശേഷം തുടങ്ങുന്ന ധ്വജാരോഹണ ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവൻമാർ തുടങ്ങിയവർ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയോധ്യയിൽ താമസിക്കുന്ന വിശ്വാസികളെയും പിന്നാക്ക സമുദായങ്ങളുടെ പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് കഴിഞ്ഞവർഷം വിമർശനത്തിന് ഇടയാക്കിയിരുന്നു.
ചടങ്ങിന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് സുരക്ഷാ വിന്യാസം കർശനമാക്കിയിട്ടുണ്ട്. അയോധ്യ ജില്ലയിലാകെ ജാഗ്രത കൂട്ടിയിട്ടുണ്ട്. അതേസമയം അയോധ്യയിൽ കൊടി ഉയർത്താൻ പോകുന്ന മോദി വർഷത്തിൽ രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞതുൾപ്പടെ വാഗ്ദാനങ്ങൾ പാലിച്ചോയെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു.
രാമക്ഷേത്ര നിർമ്മാണം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കിയിരുന്നെങ്കിലും ക്ഷേത്രം ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിലടക്കം ബിജെപി തോറ്റു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ രാമക്ഷേത്രം ബിജെപി പ്രധാന പ്രചാരണ വിഷയം ആക്കിയില്ല. എന്നാല്‍ അടിസ്ഥാന വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താന് കൂടിയാണ് അയോധ്യയിലെ ഓരോ ചടങ്ങും പ്രധാനമന്ത്രിയടക്കം പങ്കെടുത്ത് ബിജെപി ആഘോഷമാക്കുന്നത്.


