കോട്ടയം: പുതുപ്പള്ളിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഗ്രാമറ്റം മംഗലത്ത് ഏലിയാമ്മ അന്ത്രയോസ് (ലീലാമ്മ -73)യാണ് മരിച്ചത്. അപകടത്തിൽ ഏലിയാമ്മയുടെ മകൾ വിജി, സഹോദരി മേരിക്കുട്ടിയുടെ അടക്കം രണ്ടു പേർക്ക് പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ട് 4.45 ന് പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി സ്‌കൂളിനു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മണർകാട് ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാർ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിയുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏലിയാമ്മയുടെ മകൻ ലിജോ ആണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഏലിയാമ്മയും മകനും അടക്കം ആറു പേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കൂടാതെ മേരിക്കുട്ടിയുടെ കൊച്ചുമക്കളായ ഇസ, ഏബൽ എന്നിവരും ഓട്ടോറിക്ഷയിലുണ്ടായിരുന്നു. മന്ദിരം നഴ്‌സിംങ് സ്‌കൂളിൽ പഠിക്കുന്ന വിജിയുടെ മകളെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടെയാണ് അപകടം ഉണ്ടായത്.
ഏലിയാമ്മയുടെ സംസ്‌കാരം ഇന്ന് നവംബർ 25 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണർകാട് സെന്റ് മേരീസ് കത്തീഡ്രല്ലിൽ നടക്കും. സൗത്ത് പാമ്പാടി കിഴക്കയിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ കെ.പി ആന്ത്രയോസ്.


