കോട്ടയം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂർ തികയും മുൻപ് കോട്ടയം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും റോഡ് ഷോയുമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ സിപിഎം. സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന കോട്ടയത്തും ഏറ്റുമാനൂരിലും പുതുപ്പള്ളിയിലുമാണ് ഇന്ന് റോഡ് ഷോകൾ നടക്കുക. മൂന്നിടത്തും എൽഡിഎഫ് സ്ഥാനാർത്ഥികൾ ജനത്തെ അഭിസംബോധന ചെയ്ത് റോഡ് ഷോയിൽ പങ്കെടുക്കും.


കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാറിന്റെ റോഡ് ഷോ വൈകിട്ട് നാലു മണിയ്ക്കാണ് നടക്കുന്നത്. തിരുനക്കരയിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. മന്ത്രി വി.എൻ വാസവന്റെ നിയോജക മണ്ഡലമായ ഏറ്റുമാനൂരിലെ റോഡ് ഷോ പേരൂരിൽ നിന്നും വൈകിട്ട് ആരംഭിച്ച് കുമരകത്ത് സമാപിക്കും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ.ഡിഎഫ് സ്ഥാനാർത്ഥി കെ.എം രാധാകൃഷ്ണന്റെ റോഡ് ഷോ വൈകിട്ട് നാലിന് വാകത്താനത്ത് നിന്നും ആരംഭിച്ച് പാമ്പാടിയിൽ സമാപിക്കും.

