തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തുറന്നുവെച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വർ. ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര എന്നീ മൂന്ന് മണ്ഡലങ്ങളിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ചോദിച്ചതായി രാഹുല്‍ ഈശ്വർ വെളിപ്പെടുത്തി.തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും, കേരളത്തിന് അതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.മഹാത്മാഗാന്ധിയുടെ പാതയിൽ ഹിന്ദു മുസ്ലീം–ക്രിസ്ത്യൻ ഐക്യം ഉറപ്പാക്കുന്നതാണ് തന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് രാഹുല്‍ ഈശ്വർ വ്യക്തമാക്കി. തന്റെ രാഷ്ട്രീയം വസ്ത്രധാരണത്തിലൂടെയും ജീവിതശൈലിയിലൂടെയും പ്രകടമാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ യുവതി രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതിയുമായി രംഗത്തെത്തി. കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഏർപ്പെടുത്തിയ വ്യവസ്ഥകൾ രാഹുല്‍ ഈശ്വർ ലംഘിച്ചുവെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.എന്നാൽ കോടതി വിധിയിൽ ആ സ്ത്രീയെ ‘അതിജീവിത’യായി പരാമർശിച്ചിട്ടില്ലെന്നാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിയെ അധിക്ഷേപിച്ചല്ല താൻ വീഡിയോ ചെയ്തത് അവരുടെ ഭർത്താവിന്റെ വീഡിയോയ്ക്ക് മറുപടി നൽകിയതാണെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കി.രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട കേസിൽ യുവതിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കർശന ജാമ്യവ്യവസ്ഥകളോടെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് യുവതി പുതിയ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.


