ഗണേശ് കുമാറിന്റെ പരിഷ്കാരങ്ങൾ ഫലം കണ്ടു;പ്രതിദിന വരുമാനത്തിൽ ചരിത്രം കുറിച്ച് കെഎസ്‌ആർടിസി

തിരുവനന്തപുരം:മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലപ്രദമാകുന്നതിന്റെ തെളിവായി കെഎസ്‌ആർടിസി പ്രതിദിന വരുമാനത്തിൽ പുതിയ ചരിത്രം കുറിച്ചു. ഇന്നലെ കെഎസ്‌ആർടിസി നേടിയത് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ദിവസവരുമാനമാണ്.ടിക്കറ്റ് ഇനത്തിൽ 12.18 കോടി രൂപയും, ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 13.02 കോടി രൂപയാണ് ഇന്നലെ കെഎസ്‌ആർടിസിയുടെ വരുമാനം. ഇതിന് മുമ്പ് കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിന് ലഭിച്ച 10.19 കോടി രൂപയായിരുന്നു റെക്കോർഡ്.ജീവനക്കാരുടെ പൂർണ സഹകരണത്തിനൊപ്പം മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഭരണ-സേവന പരിഷ്കാരങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കെഎസ്‌ആർടിസി അധികൃതർ വ്യക്തമാക്കി. നിലവിൽ എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണ്. ഇതിൽ 35 ഡിപ്പോകൾ നിശ്ചയിച്ച ടാർഗറ്റ് പൂർത്തിയാക്കിയതായും അറിയിച്ചു.

Advertisements

പുതിയ ബസുകൾ സർവീസിൽ ഉൾപ്പെടുത്തിയതും ശബരിമല സീസണുമാണ് വരുമാന വർധനവിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവീസിൽ എത്തുന്നതോടെ വരുമാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.അതേസമയം, കെഎസ്‌ആർടിസിക്ക് സർക്കാർ പിന്തുണ തുടരുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ദിവസം സർക്കാർ സഹായമായി 93.72 കോടി രൂപ കൂടി അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതിൽ 73.72 കോടി രൂപ പെൻഷൻ വിതരണത്തിനും, 20 കോടി രൂപ മറ്റ് ആവശ്യങ്ങൾക്കുമാണ് അനുവദിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സാമ്പത്തിക വർഷം ഇതുവരെ കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി ആകെ 1,201.56 കോടി രൂപയാണ് അനുവദിച്ചത്. പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും, പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ കെഎസ്‌ആർടിസിക്കായി 900 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ബജറ്റ് വകയിരുത്തലിന് പുറമെ 301.56 കോടി രൂപ കൂടി ഇതിനകം കോർപ്പറേഷനിന് അനുവദിച്ചിട്ടുണ്ട്.

Hot Topics

Related Articles