ന്യൂഡൽഹി:പാകിസ്ഥാനിലേക്ക് രഹസ്യ വിവരങ്ങൾ കൈമാറിയ സംഭവത്തിൽ 15 വയസുകാരനും ഒരു കരാറുകാരനും സുരക്ഷാ ഏജൻസികളുടെ പിടിയിലായി. പത്താൻകോട്ടിൽ നിന്നുള്ള 15 വയസുകാരനും, ഹരിയാനയിലെ അംബാലയിൽ നിന്നുള്ള വ്യോമസേനാ കരാറുകാരനുമാണ് അറസ്റ്റിലായത്.പത്താൻകോട്ട് സ്വദേശിയായ സഞ്ജീവ് കുമാർ എന്ന 15 വയസുകാരൻ പാകിസ്ഥാൻ ഹാൻഡ്‌ലർമാർക്ക് പ്രതിരോധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കൈമാറിയെന്നാണ് പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നത്. ഐസിസ് അടക്കമുള്ള തീവ്രവാദ സംഘടനകളുമായും പാക് സൈനിക ഉദ്യോഗസ്ഥരുമായും കുട്ടിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
സോഷ്യൽ മീഡിയ വഴിയാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാർ കുട്ടിയുമായി ബന്ധപ്പെടുന്നതെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെ അച്ഛൻ കൊല്ലപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച് മാനസികമായി ദുർബലനാക്കിയാണ് ഇയാളെ പാക് ഏജൻസികളുടെ കെണിയിൽ വീഴ്ത്തിയതെന്ന് പത്താൻകോട്ട് എസ്.എസ്.പി. ദൽജീന്ദർ സിംഗ് ധില്ലൺ പറഞ്ഞു. എന്നാൽ കുട്ടിയുടെ പിതാവ് മരിച്ചതായി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിലെ വിവിധ പ്രധാന കേന്ദ്രങ്ങളുടെ വീഡിയോകളും ചിത്രങ്ങളും കുട്ടി പാക് ഹാൻഡ്‌ലർമാർക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായ തീവ്രവാദ മൊഡ്യൂളുകൾ പ്രവർത്തിപ്പിക്കുന്ന ഗുണ്ടാസംഘങ്ങളുമായും കുട്ടിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകദേശം ഒരു വർഷമായി ഇയാൾ പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുമായി ബന്ധത്തിലായിരുന്നുവെന്നും എസ്.എസ്.പി. അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.ഇതിനിടെ, പാക് വ്യോമസേനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയെന്ന കേസിൽ ഹരിയാനയിലെ അംബാലയിൽ നിന്ന് ഒരു കരാറുകാരനെയും അറസ്റ്റ് ചെയ്തു. സുനിൽ എന്ന സണ്ണിയാണ് പിടിയിലായത്. 2020 മുതൽ അംബാല വ്യോമസേനാ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തി വന്ന കരാറുകാരനാണ് ഇയാൾ.വ്യോമസേനാ സ്റ്റേഷനുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇയാൾ പാകിസ്ഥാനിലേക്ക് കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുനിലിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇതിൽ നിന്ന് സംശയാസ്പദമായ നിരവധി വിവരങ്ങൾ കണ്ടെത്തിയതായാണ് സൂചന. പാക് ബന്ധമുള്ള ഒരു സ്ത്രീയുമായി ഇയാൾ നിരന്തരമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു.വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സുനിൽ നിലവിൽ നാല് ദിവസത്തെ പൊലീസ് റിമാൻഡിലാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


