പാണ്ഡ്യയെ ചെന്നൈയിലേയ്ക്ക് എത്തിക്കണം ; ക്യാപ്റ്റനാക്കണം ; ഐപിഎല്ലിലെ കനത്ത നീക്കത്തെപ്പറ്റി നിർദേശവുമായി മുൻ താരം 

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും പ്ലേഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ ചെന്നൈ താരം സുബ്രഹ്മണ്യം ബദരിനാഥ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ചെന്നൈ സൂപ്പർ കിങ്സിന് നല്‍കി, പകരം ചെന്നൈയില്‍ നിന്ന് ശിവം ദുബെയെയും യുവ ഒപ്പണർ ആയുഷ് മാത്രെയെയും മുംബൈ സ്വന്തമാക്കണമെന്നാണ് ബദരിനാഥ് നിർദ്ദേശിച്ചു.

Advertisements

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് വരികയാണെങ്കില്‍ ഹാർദിക് പാണ്ഡ്യയെ സിഎസ്കെയുടെ ക്യാപ്റ്റനാക്കണമെന്നും ബദരിനാഥ് പറഞ്ഞു. ഹാർദിക്കിന്‍റെ കീഴില്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ രണ്ടിലും മുംബൈ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ഈ സീസണില്‍ നയിച്ച 10 മത്സരങ്ങളില്‍ വെറും 2 എണ്ണത്തില്‍ മാത്രമാണ് മുംബൈ വിജയിച്ചത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ബദരിനാഥ് ഈ മെഗാ ട്രേഡ് പ്ലാൻ പങ്കുവെച്ചത്:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞാൻ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്‍റില്‍ ഉണ്ടെങ്കില്‍, ഹാർദിക് പാണ്ഡ്യയെ ചെന്നൈക്ക് നല്‍കി പകരം ശിവം ദുബെയെയും ആയുഷ് മാത്രെയെയും ടീമിലെത്തിക്കും. സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്‌വാദ്, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന ഒരു കോർ സഖ്യം ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബ്രാൻഡ് മൂല്യം മറ്റൊരു തലത്തിലേക്ക് എത്തിക്കും. സഞ്ജു സാംസണെ തന്നെ ചെന്നൈ ക്യാപ്റ്റനാക്കണം എന്ന് നിർബന്ധമൊന്നുമില്ലല്ലോ. ഹാർദിക് ക്യാപ്റ്റൻസി ആവശ്യപ്പെടുകയാണെങ്കില്‍ ഞാൻ അവനെ സിഎസ്കെയുടെ നായകനാക്കും. എം എസ് ധോണിയുമായി ഹാര്‍ദിക്കിനുള്ള മികച്ച ബന്ധം അതിന് സഹായിക്കുമെന്നും ബദരീനാഥ് പറഞ്ഞു.

ഹാർദിക്കിന് ഐപിഎല്‍ കരിയറില്‍ ഇനിയും മൂന്ന് മികച്ച സീസണുകള്‍ ബാക്കിയുണ്ട്. അവൻ വരുന്നതോടെ ചെന്നൈ ടീമിന് അവിശ്വസനീയമായ ബാലൻസ് ലഭിക്കും. ഹാർദിക്കിനെ മുൻനിർത്തി ചെന്നൈക്ക് ഒരു പുതിയ ടീമിനെ തന്നെ കെട്ടിപ്പടുക്കാം. മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് പോകുന്നതിനേക്കാള്‍ ഹാർദിക്കിന് ഗുണം ചെയ്യുക ചെന്നൈയില്‍ എത്തുന്നതാണ്. കാരണം ഒരു കളിക്കാരന്‍റെ ഇമേജ് മാറ്റിയെടുക്കാൻ സിഎസ്കെയോളം പോന്ന മറ്റൊരു ടീമില്ലെന്നും ബദരിനാഥ് വ്യക്തമാക്കി. ഈ സീസണില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഹാർദിക് കരിയറിലെ ഏറ്റവും മോശം ഫോമിലായിരുന്നു.

ഗുജറാത്ത് ടൈറ്റൻസില്‍ നിന്നും ഹാർദിക് മുംബൈയിലേക്ക് മടങ്ങിയെത്തിയതും രോഹിത് ശർമ്മയെ മാറ്റി ക്യാപ്റ്റനാക്കിയതുമാണ് മുംബൈ ഇന്ത്യൻസിന്‍റെ തകർച്ചയ്ക്ക് കാരണമെന്നും ബദരിനാഥ് ചൂണ്ടിക്കാട്ടി. രോഹിത് ശർമ്മ മുംബൈക്കായി 15 വർഷം കളിക്കുകയും 5 കിരീടങ്ങള്‍ നേടിത്തരികയും ചെയ്ത മുംബൈയുടെ സ്വന്തം നായകനാണ്. രോഹിത്തിനെ മാറ്റി ഹാർദിക് വന്നതുമുതല്‍ മുംബൈയില്‍ ഒന്നും ശരിയായ രീതിയിലല്ല നടക്കുന്നത്. അതുകൊണ്ട് ഹാർദിക്കിനെ ഒഴിവാക്കിയാലും മുംബൈ ഇപ്പോഴും ഒരു അസാധാരണ ടീം തന്നെയാണ്. ഹാർദിക്കിനെ റിലീസ് ചെയ്ത് തിലക് വർമ്മയെയോ, ജസ്പ്രീത് ബുംറയെയോ, സൂര്യകുമാർ യാദവിനെയോ മുംബൈ ക്യാപ്റ്റനാക്കണം. ഇത് ഹാർദിക്കിന്റെ തെറ്റല്ല, പക്ഷേ അവന്‍റെ ക്യാപ്റ്റൻസി മോഹം ടീമിന്‍റെ ഒത്തൊരുമയെ ബാധിച്ചു- ബദരിനാഥ് കൂട്ടിച്ചേർത്തു.

ഈ സീസണില്‍ ഹാർദിക് ഇല്ലാതെ കളിച്ച 4 മത്സരങ്ങളില്‍ രണ്ടിലും ജയിക്കാൻ മുംബൈക്ക് സാധിച്ചിരുന്നു. ഐ.പി.എല്‍ 2027 മെഗാ ലേലത്തിന് മുന്നോടിയായി ഇത്തരമൊരു വമ്പൻ ട്രേഡിന് ചെന്നൈയും മുംബൈയും തയ്യാറാകുമോ എന്നാണ് ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Hot Topics

Related Articles