വ്യായാമത്തേക്കാൾ പ്രധാനമോ ഉറക്കം? പുതിയ പഠനം അമ്പരപ്പിക്കും

ഹെൽത്ത് ഡെസ്ക്:ആരോഗ്യ സംരക്ഷണത്തിനായി ജിമ്മിൽ മണിക്കൂറുകൾ വിയർപ്പൊഴുക്കണോ അതോ സുഖമമായി ഉറങ്ങണോ? ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുക്കളായ പലരെയും അലട്ടുന്ന വലിയൊരു ചോദ്യമാണിത്.സമയം വളരെ പരിമിതമായ ഇന്നത്തെ കാലത്ത് വ്യായാമത്തിനായി ഉറക്കം ഉപേക്ഷിക്കുന്നവരും കുറവല്ല. എന്നാല്‍ ഓസ്ട്രേലിയയിലെ ഫ്‌ലിൻഡേഴ്സ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനം ഈ വിഷയത്തില്‍ വ്യക്തമായ ഉത്തരം നല്‍കുന്നു. ദിവസവും ഉന്മേഷത്തോടെയിരിക്കാനും മികച്ച രീതിയില്‍ ചലിക്കാനും വ്യായാമത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഉറക്കത്തിനാണെന്നാണ് പുതിയ കണ്ടെത്തല്‍.പലപ്പോഴും കഠിനമായ വ്യായാമം ചെയ്താല്‍ രാത്രി നല്ല ഉറക്കം ലഭിക്കുമെന്ന് നാം കരുതാറുണ്ട്.

Advertisements

എന്നാല്‍ ആ ധാരണയെ തിരുത്തുന്നതാണ് പുതിയ പഠനം. വ്യായാമം ചെയ്യുന്നത് കൊണ്ടുമാത്രം മികച്ച ഉറക്കം ലഭിക്കണമെന്നില്ല. തലേദിവസം ലഭിച്ച നല്ല ഉറക്കമാണ് അടുത്ത ദിവസം സജീവമായിരിക്കാൻ ഒരാളെ സഹായിക്കുന്നത്. വ്യായാമം വേണ്ട എന്നല്ല ഇതിനർഥം, മറിച്ച്‌ ഉറക്കം ശരിയല്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന വ്യായാമം ഉദ്ദേശിച്ച ഫലം നല്‍കില്ല എന്നതാണ്.പഠനമനുസരിച്ച്‌ ആറുമുതല്‍ ഏഴുമണിക്കൂർ വരെ നീണ്ടുനില്‍ക്കുന്ന നല്ല ഉറക്കമാണ് ഒരാളുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം. ഇത്തരത്തില്‍ കൃത്യമായ ഉറക്കം ലഭിക്കുന്നവരിലാണ് അടുത്ത ദിവസം വ്യായാമം ചെയ്യാനുള്ള ഊർജവും താല്‍പര്യവും ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. നമ്മുടെ ശരീരം പ്രവർത്തിക്കാനുള്ള ഇന്ധനമായി ഉറക്കത്തെ കാണേണ്ടതുണ്ട്. ഉറക്കം വെട്ടിക്കുറച്ച്‌ ജിമ്മില്‍ പോകുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓറിഗണ്‍ ഹെല്‍ത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റി നടത്തിയ മറ്റൊരു പഠനം കൂടി ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്. ഉറക്കമില്ലായ്മ ഒരാളുടെ ആയുർദൈർഘ്യത്തെപ്പോലും കുറയ്ക്കുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. ആഹാരക്രമത്തേക്കാളും വ്യായാമത്തേക്കാളും ഒരാളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി ഉറക്കം മാറിയിരിക്കുന്നു. ഹൃദയാരോഗ്യം, രോഗപ്രതിരോധ ശേഷി, തലച്ചോറിന്റെ പ്രവർത്തനം എന്നിവയെല്ലാം ശരിയായ ഉറക്കവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ചുരുക്കത്തില്‍, വ്യായാമവും ഉറക്കവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ പ്രധാനമാണെങ്കിലും, അവയില്‍ അടിത്തറയായി കാണേണ്ടത് ഉറക്കത്തെയാണ്. നല്ല ഉറക്കം ലഭിച്ചാല്‍ മാത്രമേ ശരീരം അടുത്ത ദിവസത്തെ കഠിനാധ്വാനത്തിന് സജ്ജമാകൂ. അതിനാല്‍, തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യ സംരക്ഷണത്തിനായി സമയം മാറ്റിവെക്കുമ്ബോള്‍ ആദ്യം നിങ്ങളുടെ ഉറക്കം കൃത്യമാണെന്ന് ഉറപ്പുവരുത്തുക. മികച്ച ഉറക്കം മികച്ച വ്യായാമത്തിലേക്കും, അതുവഴി മികച്ച ആരോഗ്യത്തിലേക്കും നിങ്ങളെ നയിക്കും.

Hot Topics

Related Articles