ഹെൽത്ത് ഡെസ്ക്:ആഗോളതലത്തില്‍ വേഗത്തിൽ വർധിച്ചുവരുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്നമായി മാറുകയാണ് ഹൃദയസ്തംഭനം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമായി ഏകദേശം 6.4 കോടി ആളുകളാണ് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. ലോകത്ത് ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കില്‍, കേരളത്തില്‍ അത് 60 ആയി താഴ്ന്നിരിക്കുകയാണ്.ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഇത് ഒരുനിമിഷം കൊണ്ട് ഉണ്ടാകുന്ന രോഗമല്ല. രോഗം ഗുരുതരമാകുന്നതിന് മുമ്പ് തന്നെ ശരീരം പല മുന്നറിയിപ്പുകളും നല്‍കുന്നുണ്ടെങ്കിലും അവ പലപ്പോഴും തിരിച്ചറിയാതെ പോകുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
പ്രവർത്തനശേഷി കുറയുന്നത് ആദ്യ സൂചന
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൃദയസ്തംഭനത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ പ്രധാനമായത്, സാധാരണ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ് ക്രമേണ കുറയുന്നതാണ്. നടപ്പു, കയറ്റം കയറല്‍, ചെറിയ ജോലികള്‍ എന്നിവ ചെയ്യുമ്പോള്‍ തന്നെ ക്ഷീണം തോന്നുന്നത് പലരും വാര്‍ദ്ധക്യത്തിന്റെ സ്വാഭാവിക ലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്. പുറംവേദനയോ കാലുവേദനയോ ഉണ്ടാകുമ്പോള്‍ ശരീരം അനക്കാതെ ഇരിക്കുന്നതും രോഗം കൂടുതല്‍ ഗുരുതരമാകാന്‍ ഇടയാക്കാം.
ദ്രാവകം അടിഞ്ഞുകൂടുന്നത് ഗുരുതര മുന്നറിയിപ്പ്
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടെന്ന് ശരീരഭാരം കൂടുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൊഴുപ്പ് കൂടുന്നതുകൊണ്ടല്ല, ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതിന്റെ (ഫ്ലൂയിഡ് റിട്ടന്ഷന്) സൂചനയായിരിക്കാം. ഇത് കുടലുകളെ ബാധിച്ച് വിശപ്പില്ലായ്മയും കുറച്ച് ഭക്ഷണം കഴിച്ചാലുടന്‍ വയര്‍ നിറഞ്ഞ തോന്നലും ഉണ്ടാക്കാം.കാലുകളിലെ വീക്കം മറ്റൊരു പ്രധാന ലക്ഷണമാണ്. തുടക്കത്തില്‍ ഇത് വൈകുന്നേരങ്ങളിലോ രാത്രികാലങ്ങളിലോ പ്രത്യക്ഷപ്പെടുകയും രാവിലെ മാറുകയും ചെയ്യും. എന്നാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ തകരുമ്പോള്‍ വീക്കം ദിവസം മുഴുവന്‍ തുടരാം. ഇതിനെ ഒരിക്കലും അവഗണിക്കരുത്.
ശ്വാസതടസം, ഉറക്ക പ്രശ്നങ്ങൾ
ശ്വാസകോശങ്ങളില്‍ ദ്രാവകം കെട്ടിനില്‍ക്കുന്നതോടെ ശ്വാസതടസം, ചുമ, കിടക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. പലര്‍ക്കും ഉറങ്ങുമ്പോള്‍ കൂടുതല്‍ തലയണകള്‍ ഉപയോഗിക്കേണ്ടിവരും. ചിലര്‍ക്ക് രാത്രിയില്‍ പെട്ടെന്ന് ശ്വാസതടസവും ചുമയും ഉണ്ടാകുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. രാത്രികാല മൂത്രമൊഴി വര്‍ധിക്കുന്നതും ഹൃദയസ്തംഭനത്തിന്റെ മറ്റൊരു സൂചനയായേക്കാം.
ഓക്കാനം, വിശപ്പില്ലായ്മ, ഓര്‍മക്കുറവ്
ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ കുടല് സംബന്ധമായ പ്രശ്നങ്ങളും ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ടു കാണപ്പെടുന്നു. ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുമ്പോള്‍ കുടലുകളുടെ പ്രവര്‍ത്തനവും മന്ദഗതിയിലാകും. കൂടാതെ, ശരീരത്തിലെ രക്തയോട്ടം കാര്യക്ഷമമല്ലാതാകുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ച് ഓര്‍മക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്, ഈ ലക്ഷണങ്ങള്‍ ചെറുതായി തോന്നിയാലും അവഗണിക്കരുത് എന്നതാണ്. നേരത്തെ തിരിച്ചറിഞ്ഞാല്‍ ഹൃദയസ്തംഭനം നിയന്ത്രിക്കാനും ഗുരുതര അവസ്ഥകള്‍ ഒഴിവാക്കാനും സാധിക്കും.


