മോസ്കോ : ഇന്ത്യയും റഷ്യയും തമ്മില്‍ സുപ്രധാന കരാറിനൊരുങ്ങുന്നു. അപൂർവവും തന്ത്രപ്രധാനവുമായ ധാതുക്കളുടെ സാങ്കേതികവിദ്യയില്‍ സഹകരിക്കുന്നതിനായാണ് പുതിയ കരാർ. ഐഐടി ധൻബാദിലെ ടെക്സ്മിൻ ഫൗണ്ടേഷനും റഷ്യയുടെ റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഗിറെഡ്മെറ്റും തമ്മിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഊർജ്ജമാറ്റത്തിനും ഇലക്‌ട്രോണിക്സ് നിർമ്മാണത്തിനും തന്ത്രപ്രധാന മേഖലകള്‍ക്കും അപൂർവ ധാതുക്കള്‍ വളരെ പ്രധാനമാണെന്ന് ഐഐടി ധൻബാദ് ഡയറക്ടറും ടെക്സ്മിൻ ഫൗണ്ടേഷൻ ഗവേണിംഗ് ബോർഡ് ചെയർമാനുമായ സുകുമാർ മിശ്ര പറഞ്ഞു. ഗിറെഡ്മെറ്റുമായുള്ള ഈ സഹകരണം, അപൂർവ ലോഹങ്ങളുടെയും നൂതന സാമഗ്രികളുടെയും കാര്യത്തില്‍ ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഖനനത്തിന്റെ എല്ലാ ഘട്ടങ്ങളിലും സഹകരിക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ധാതുക്കള്‍ കണ്ടെത്തുന്നത് മുതല്‍ അവയെ വേർതിരിച്ച്, ശുദ്ധീകരിച്ച്, പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നത് വരെ ഇതില്‍ ഉള്‍പ്പെടും. ഐഐടി ധൻബാദില്‍ നടന്ന ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട് ഇൻ്ററാക്ഷൻ 2026 കോണ്‍ക്ലേവില്‍ വെച്ചാണ് കരാർ ഒപ്പുവെച്ചത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള അനുസന്ധാൻ നാഷണല്‍ റിസർച്ച് ഫൗണ്ടേഷൻ സിഇഒ ശിവകുമാർ കല്യാണരാമൻ ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരാർ പ്രകാരം, അപൂർവ ധാതുക്കള്‍ സംസ്കരിക്കുന്നതിനുള്ള സാങ്കേതികവിദ്യകളില്‍ ഇരു സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണം നടത്തും. ഗിറെഡ്മെറ്റിന്റെ പ്രക്രിയകള്‍ ടെക്സ്മിൻ ഫൗണ്ടേഷനില്‍ പരീക്ഷിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. നിയോഡൈമിയം-അയണ്‍-ബോറോണ്‍ അടിസ്ഥാനമാക്കിയുള്ള ശക്തിയേറിയ സ്ഥിരം കാന്തങ്ങള്‍ വികസിപ്പിക്കുന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഉയർന്ന നിലവാരമുള്ള ശുദ്ധലോഹങ്ങള്‍, ലോഹസങ്കരങ്ങള്‍, ഇലക്‌ട്രോണിക്സ്, ഒപ്റ്റിക്സ് എന്നിവയ്ക്ക് ആവശ്യമായ വസ്തുക്കള്‍ എന്നിവയും നിർമ്മിക്കും.
ലിഥിയം-അയണ്‍ ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്ത് ലിഥിയം, നിക്കല്‍, കോബാള്‍ട്ട് എന്നിവ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യകളും വികസിപ്പിക്കും. പഴയ ഖനികളിലെ മാലിന്യങ്ങളില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ അയിരുകളില്‍ നിന്നും ധാതുക്കള്‍ വീണ്ടെടുക്കാനുള്ള വഴികളും തേടും. ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയവ ഉപയോഗിച്ച് ഖനന പ്ലാൻ്റുകളുടെ പ്രവർത്തനം കൂടുതല്‍ മികച്ചതാക്കാനും പദ്ധതിയുണ്ട്.


