തിരുവനന്തപുരം: 2023ല്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു – യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാൻമാർ മർദിച്ച കേസ് അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ പ്രത്യേക സംഘത്തെ (SIT) പ്രഖ്യാപിച്ചതോടെ, കേരളത്തിന്റെ ശ്രദ്ധ മുഴുവൻ ആ സംഘത്തിന്റെ തലവനായ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി എ പി ഷൗക്കത്തലിയിലേക്കാണ്. രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ പല കേസുകളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ കേരള പോലീസിലെ ‘സിങ്കം’ എന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം.
കേരള പോലീസിലും ദേശീയ അന്വേഷണ ഏജൻസിയിലും തിളക്കമാർന്ന റെക്കോർഡുള്ള ഷൗക്കത്തലിയുടെ ചരിത്രം ചർച്ചയാകാൻ കൃത്യമായ കാരണങ്ങളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരാണ് എ പി ഷൗക്കത്തലി?
1995ല്‍ ഒന്നാം റാങ്കോടെ കേരള പോലീസില്‍ സബ് ഇൻസ്പെക്ടറായി കരിയർ ആരംഭിച്ച ഷൗക്കത്തലി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരം നേടിയ മിടുക്കനായ ഉദ്യോഗസ്ഥനാണ്. എൻഐഎയുടെ ഭീകരവാദ വിരുദ്ധ ഓപ്പറേഷൻ സ്പെഷലിസ്റ്റായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ചരിത്രം സൃഷ്ടിച്ച അന്വേഷണങ്ങള്‍
ടി പി ചന്ദ്രശേഖരൻ വധക്കേസ്: തലശ്ശേരി ഡിവൈഎസ്പിയായിരുന്ന സമയത്താണ് ടി പി കേസ് അന്വേഷിച്ച സംഘത്തില്‍ ഷൗക്കത്തലി ഇടംപിടിക്കുന്നത്. കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നീ ക്രിമിനലുകളെയും സിപിഎം നേതാക്കളായ പി കെ കുഞ്ഞനന്തനെയും വിജയകരമായി അകത്താക്കിയത് ഇദ്ദേഹമാണ്. കേസിന്റെ സൂത്രധാരനെന്ന് ആരോപണമുയർന്ന അന്നത്തെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ നടുറോഡില്‍ കാർ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു.
സ്വർണ്ണക്കടത്ത് കേസ് (2020): നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ ചുമതലയേറ്റെടുത്ത് വെറും 24 മണിക്കൂറിനുള്ളില്‍ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ദേശീയ-അന്തർദേശീയ കേസുകള്‍: 2014ല്‍ എൻഐഎയില്‍ എത്തിയ അദ്ദേഹം പ്രശസ്തമായ കനകമല ഐഎസ്‌ഐഎസ് കേസ്, തമിഴ്‌നാട്ടിലെ വിവിധ ഭീകരവാദ കേസുകള്‍ എന്നിവ അന്വേഷിച്ചു. പാരീസ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഫ്രഞ്ച് അന്വേഷണ ഏജൻസികളുമായി ചേർന്നും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇതും വായിക്കുക: ‘രക്ഷാപ്രവർത്തനം’ അന്വേഷിക്കാൻ എസ്‌ഐടി; എസ് പി ഷൗക്കത്തലി തലവൻ; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ്
നവകേരള യാത്ര ആലപ്പുഴയിലൂടെ കടന്നുപോയപ്പോള്‍ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാട്ടിയ നിലവിലെ ആലപ്പുഴ എംഎല്‍എയും അന്നത്തെ കെ എസ് യു ജില്ലാ പ്രസിഡന്റുമായ എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ എസ് സന്ദീപും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ഈ അക്രമത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ രീതിയില്‍ വിമർശിക്കപ്പെട്ടു.
തുടക്കത്തില്‍ പോലീസ് കേസെടുക്കാൻ വിസമ്മതിച്ചെങ്കിലും കോടതി ഇടപെടലിലൂടെയാണ് പിന്നീട് കേസെടുത്തത്. എന്നാല്‍ മുൻ സർക്കാരിന്റെ കാലത്ത് പ്രതികളെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായിരുന്നില്ല.
“ഞങ്ങളുടെ കുഞ്ഞുങ്ങളെ തല്ലിച്ചതച്ചത് മറന്നിട്ടില്ലെന്നും എല്ലാം ഓർത്തുവയ്ക്കുമെന്നും” മുൻപ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഈ കേസില്‍ പുനരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഒരു ഡിവൈഎസ്പി അടക്കം 5 ഉദ്യോഗസ്ഥരാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തിലുള്ളത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന്റെ കർശന നിർദേശം. നിയമത്തിനു മുന്നില്‍ ആർക്കും പ്രത്യേക പരിഗണന നല്‍കാത്ത എ പി ഷൗക്കത്തലി കേസ് ഏറ്റെടുക്കുന്നതോടെ, മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നുറപ്പാണ്.


