കോട്ടയം: മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനും കോട്ടയം സ്റ്റേറ്റ്് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എ.ജെ തോമസിനും അടക്കം ജില്ലയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം. നിലവിലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായ ഡിഐജി കെ.കാർത്തിക്കിന് കോട്ടയം ജില്ലയിലെ വിവിധ കേസുകളുടെ അന്വേഷണം പരിഗണിച്ചാണ് ബാഡ്ജ് ഓഫ് ഹോണർ നൽകിയിരിക്കുന്നത്. നേരത്തെ പാലാ ഡിവൈഎസ്പിയായിരിക്കെ നടത്തിയ കേസ് അന്വേഷണ മികവ് പരിഗണിച്ചാണ് കോട്ടയം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എ.ജെ തോമസിന് ബാഡ്ജ് ഓഫ് ഹോണർ അനുവദിച്ചിരിക്കുന്നത്.
ഇവരെ കൂടാതെ പാലാ പൊലീസ് സ്റ്റേഷനിലെ മുൻ എസ്.ഐയും നിലവിൽ ഈരാറ്റേപേട്ടയിലെ എസ്.ഐയുമായ വി.എൽ ബിനു, പാലാ പൊലീസ് സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിരുന്ന നിലവിൽ മരങ്ങാട്ടുപള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ ജസ്റ്റിൻ ജോസഫ്, രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും നിലവിൽ കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയും ചെയ്യുന്ന പി.വി മനോജ്, പാലാ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന നിലവിൽ ഈരാറ്റുപേട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ സി.രഞ്ജിത്ത് എന്നിവർക്കാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിരിക്കുന്നത്.


