കോട്ടയം: നഗരമധ്യത്തിലെ അനധികൃത ചീട്ടുകളി കേന്ദ്രം ഇന്നും സജീവമാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന ചീട്ടുകളി പുലർച്ചെ വരെ നീളും. പലപ്പോഴും ലക്ഷങ്ങളാണ് ഈ ചീട്ടുകളി കേന്ദ്രത്തിൽ ഒഴുകുന്നത്. പൊലീസുകാർ പരിശോധന നടത്തിയാൽ പണം പിടിക്കാതിരിക്കാൻ രഹസ്യമാർഗങ്ങളാണ് ചീട്ടുകളി സംഘം ഏർപ്പെടുത്തിയിരിക്കുന്നത്. ചെറിയ തുക മാത്രമാണ് കളത്തിൽ സൂക്ഷിക്കുന്നത്.
കളിക്കാൻ എത്തുന്നവർ പണം കയ്യിലുണ്ടെന്ന് കാട്ടിയ ശേഷം ടോക്കൺ നൽകി പണം രഹസ്യ കേന്ദ്രത്തിലേയ്ക്കു മാറ്റും. തുടർന്ന്, ചീട്ടുകളി നടക്കുന്ന മുറയ്ക്ക് പണവും ടോക്കണും നൽകുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ ഗൂഗിൾ പേയും കൃത്യമായി ചീട്ടുകളിയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ പേയിൽ പണം ഇട്ടു നൽകിയ ശേഷം ഇതിനും ടോക്കൺ നൽകുന്ന സമ്പ്രദായം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലിയ തോതിൽ പണം മറിയുന്ന കോട്ടയം കല്യാൺ ജുവലറിയ്ക്കു ഇടവഴിയിലെ വാടക വീട് കേന്ദ്രീകരിച്ചുള്ള ചീട്ടുകളി ക്ലബിൽ കഴിഞ്ഞ ദിവസവും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ, ക്ലബ് അംഗങ്ങൾ മാത്രമാണ് ഇവിടെ എത്തുന്നതെന്ന വിശദീകരണമാണ് ചീട്ടുകളി ക്ലബ് നടത്തിപ്പുകാർ പൊലീസിനു നൽകിയത്. എന്നാൽ, ക്ലബ് അംഗങ്ങൾ അല്ലാത്ത തമിഴ് ബ്ലേഡ് മാഫിയ സംഘം അടക്കമുള്ളവർ സ്ഥിരമായി ചീട്ടുകളിയ്ക്കാനായി ഇവിടെ ഏത്താറുണ്ടെന്നാണ് ജാഗ്രത ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ ലഭിക്കുന്ന വിവരം.
ഏതായാലും നഗരമധ്യത്തിൽ പൊലീസിന്റെ മൂക്കിന് താഴെ അനധികൃത ചീട്ടുകളി കേന്ദ്രം പ്രവർത്തിച്ചിട്ടും കർശനമായ നടപടികൾ ഉണ്ടാകുന്നില്ല. പൊലീസ് സംഘത്തിന് പണം നൽകിയാണ് ചീട്ടുകളി നടത്തുന്നതെന്ന് നടത്തിപ്പുകാർ പരസ്യമായി പ്രഖ്യാപിച്ചിട്ടുപോലും പൊലീസിന്റെ ഭാഗത്തു നിന്നും അനക്കമുണ്ടാകുന്നില്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന ചീട്ടുകളി കേന്ദ്രം അടച്ചു പൂട്ടാൻ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.


