പാലാ: രാഷ്ട്രീയ നാടകങ്ങളുടെ പേരിൽ കഴിഞ്ഞ അഞ്ച് വർഷം ചർച്ചയായി മാറിയ പാലാ നഗരസഭയിൽ സംവരണ സീറ്റ് നറക്കെടുപ്പ് പൂർത്തിയായി. ആകെയുള്ള 26 സീറ്റുകളിൽ 13 എണ്ണം വനിതാ സംവരണ സീറ്റായി മാറി. ഒൻപതാം വാർഡ് പ്രത്യേകമായി വനിതാ സംവരണ വാർഡ് ആയതിനൊപ്പം , 17 ആം വാർഡ് പട്ടിക ജാതി സംവരണ വാർഡ് ആയും നറക്കെടുക്കപ്പെട്ടിട്ടുണ്ട്.വനിതാ വാർഡുകൾ: ഒന്ന് , മൂന്ന്, നാല്, ഏഴ്, എട്ട്, 11, 15 , 18, 20, 21, 22,23, ഒൻപത്.
ജനറൽ: അഞ്ച്, 10, 12,13, 14, 16,19,24,25,26, ആറ്, രണ്ട്.
നിലവിൽ കേരള കോൺഗ്രസും സിപിഎമ്മും നേതൃത്വം നൽകുന്ന മുന്നണിയാണ് പാലാ നഗരസഭയിൽ ഭരണം നടത്തുന്നത്. എൽഡിഎഫിന് 17 അംഗങ്ങളാണ് പാലാ നഗരസഭയിൽ ഉള്ളത്. ഇതിൽ സിപിഎം അംഗമായ ബിനു പുളിക്കക്കണ്ടത്തിന് എതിരെ നേരത്തെ പാർട്ടി നടപടി എടുത്തിരുന്നു. ഇത് കൂടാതെ സിപിഐ അംഗം ആർ.സന്ധ്യയെ അയോഗ്യയാക്കിയും പ്രഖ്യാപിച്ചിരുന്നു. ഇതോടെ 15 അംഗങ്ങളാണ് നിലവിൽ എൽ.ഡി.എഫിന് പാലാ നഗരസഭയിലുള്ളത്. കേരള കോൺഗ്രസിന് 11 അംഗങ്ങളും സിപിഎമ്മിന് നാല് അംഗങ്ങളുമാണ് നിലവിൽ പാലായിലുള്ളത്.


