തിരുവനന്തപുരം: പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയുമില്ലെന്ന് എഴുത്തുകാരി കെ ആർ മീര. പിണറായി വിജയനെ ഏറ്റവും ശക്തമായും ഹീനമായും അവഹേളിക്കുന്നവരില്‍ പലരുടെയും സത്യസന്ധതയില്ലായ്മയും ആർജവമില്ലായ്മയും നേരിട്ടറിയുന്നതുകൊണ്ട് അദ്ദേഹത്തിന് എതിരെയുള്ള സോഷ്യല്‍ മീഡിയ കലാപങ്ങള്‍ പ്രധാനപ്പെട്ട മറ്റേതോ പ്രശ്നങ്ങളില്‍നിന്നുള്ള ശ്രദ്ധ തിരിക്കലാണെന്നു വിശ്വസിക്കുന്നു. സുഹൃത്തായ പ്രീതയോടൊപ്പം ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളുടെ പുനരധിവാസം സംബന്ധിച്ച് ഒരു അഭ്യർത്ഥനയുമാണ് ആദ്യമായും അവസാനമായും മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചെന്നത്. ഞങ്ങള്‍ക്ക് അനുവദിച്ച പത്തു മിനിറ്റില്‍ ആ വിഷയത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ധാരണ അത്ഭുതപ്പെടുത്തിയെന്നും കെ ആർ മീര ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചതായി പിണറായി വിജയൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള നീണ്ട മൗനത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് പിണറായിയുടെ പ്രതികരണം. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തില്‍ നിന്നും സഖാക്കളില്‍ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട് തീരുമാനങ്ങള്‍ എടുക്കുമെന്നും പിണറായി വജിയൻ ഫേസ്ബുക്കിലും കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്‍ഡിഎഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവർത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പിനിടയില്‍ വ്യാപകമായ വ്യാജപ്രചാരണങ്ങള്‍ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതില്‍ ചില മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അർദ്ധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു.
ഞങ്ങളെ എതിർത്ത ശക്തികള്‍ യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് – ഇവയെല്ലാം ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്. അരാജക – അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകള്‍ ബോധ്യപ്പെടുത്താൻ ഗൗരവമായ ശ്രമം ഉണ്ടാകും.
ജനങ്ങള്‍ നല്‍കിയ വിധിയെ മാനിച്ച് കൂടുതല്‍ ശക്തമായി പ്രവർത്തിക്കാൻ ഞങ്ങള്‍ തയ്യാറാണ്. നുണക്കഥകളും കോർപ്പറേറ്റ്-പി ആർ ബുദ്ധിശാലകളില്‍ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എല്‍ഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകള്‍ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി, കൂടുതല്‍ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എല്‍ഡിഎഫ് മുന്നോട്ട് പോകും. കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും. എല്‍ഡിഎഫിനൊപ്പം നിന്ന എല്ലാവർക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതല്‍ ശക്തമായി തിരിച്ചുവരും എന്ന് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം കുറിച്ചു.

