തിരുവനന്തപുരം: ഗതാഗത വകുപ്പ് തന്നെയാണെന്ന മാധ്യമ വാർത്തകള്‍ ശരിവക്കുന്ന സൂചന നല്കി മന്ത്രി സി പി ജോണ്‍. ഗതാഗത വകുപ്പിന്റെ ഔദ്യോഗിക ചുമതല താൻ ഏറ്റെടുക്കുന്നതേയുള്ളൂവെന്നും, ചാർജ് എടുത്ത ശേഷം എല്ലാ കാര്യങ്ങളും മാധ്യമപ്രവർത്തകരെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കാണ് ഗതാഗത വകുപ്പ് ലഭിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത് താൻ നിഷേധിക്കുന്നില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ചർച്ചകള്‍ നടന്നിരുന്നുവെന്നും സി പി ജോണ്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജൂണ്‍ 15 മുതല്‍ കെ എസ് ആർ ടി സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കെ എസ് ആർ ടി സിയില്‍ സ്ത്രീകള്‍ക്ക് ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത വിധത്തിലുള്ള വലിയ ആനുകൂല്യങ്ങള്‍ പുതിയ സർക്കാർ നടപ്പാക്കുമെന്നും, എന്നാല്‍ അതിന് മുൻപായി വകുപ്പിലെ കാര്യങ്ങള്‍ വ്യക്തമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൈവറ്റ് ബസ് വ്യവസായത്തെ നശിപ്പിക്കാൻ പുതിയ സർക്കാർ ഒരിക്കലും ശ്രമിക്കില്ല. കെ എസ് ആർ ടി സിയും സ്വകാര്യ ബസുകളും പരസ്പര പൂരകങ്ങളായി മുന്നോട്ട് പോകണമെന്നാണ് തന്റെ നിലപാടെന്നും സി പി ജോണ്‍ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ഗതാഗത നയ രൂപീകരണത്തിന് മുന്നോടിയായി വലിയ ചർച്ചകള്‍ക്കാണ് മന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം കെ എസ് ആർ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാർ. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തില്‍ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും. ആദ്യ ഗ്യാരന്റി ഒരു മാസത്തിനുളളില്‍ നടപ്പാക്കാൻ തീരുമാനിച്ച യു ഡി എഫ് സർക്കാർ, കെ എസ് ആർ ടി സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസില്‍, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകള്‍ക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഇക്കാര്യത്തില്‍ സർക്കാർ വിളിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഏകദേശ ധാരണയുണ്ടായേക്കും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കില്‍ പ്രതിമാസം 60 കോടി രൂപ സർക്കാർ കെ എസ് ആർ ടി സിക്ക് സബ്സിഡിയായി നല്‍കേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയില്‍ എ സി, സ്ലീപ്പർ ബസുകളില്‍ സൗജന്യമില്ല. തമിഴ്നാട്ടില്‍ ഓർഡിനറി ബസുകളില്‍ മാത്രമാണ് ആനുകൂല്യം. പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് സ്ത്രീകള്‍ എന്നതിനാല്‍ തന്നെ സർക്കാർ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം. നാളത്തെ യോഗത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഗതാഗത മന്ത്രി പങ്കെടുക്കുമോ എന്നതും കണ്ടറിയണം.


