ഗാസിയാബാദ്: ഉത്തർ പ്രദേശിലെ ഗാസിയാബാദില്‍ പീഡനക്കേസ് പ്രതിക്ക് ജാമ്യം കിട്ടിയ ശേഷം ലഭിച്ചത് വൻ സ്വീകരണം. ജയിലില്‍നിന്ന് പുറത്തിറങ്ങിയ പ്രതിയെ പൂമാലയിട്ട് സ്വീകരിച്ച്, ചുമലിലിരുത്തി, മുദ്രാവാക്യം വിളികളോടെ നടത്തിയ പ്രകടനത്തിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നു. സംഭവത്തില്‍ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി.
നിയമ വിദ്യാഥിർഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹിന്ദു യുവ വാഹിനി മുൻ അംഗം സുശീല്‍ പ്രജാപതിക്കാണ് ജാമ്യം ലഭിച്ച ശേഷം അനുയായികള്‍ സ്വീകരണമൊരുക്കിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ പ്രതിയെ പൂമാലയിട്ട് സ്വീകരിച്ച അനുയായികള്‍, ചുമലിലിരുത്തി പ്രകടനം നടത്തുകയായിരുന്നു. പ്രതിക്ക് അനുയായികള്‍ ചുംബനം നല്‍കുന്നതടക്കം ദൃശ്യങ്ങളിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് സുശീല്‍ പ്രജാപതി അറസ്റ്റിലായിരുന്നത്. വിദ്യാർഥിനിയുടെ പരാതിയില്‍ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നും ഇയാളുടെ അനുയായികള്‍ പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി ബഹളമുണ്ടാക്കിയിരുന്നു. ഒൻപത് മാസത്തെ തടവിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
അതേസമയം പ്രതിക്ക് സ്വീകരണമൊരുക്കിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. അധർമ്മികളായ ബിജെപിയുടെ യഥാർത്ഥ സ്വഭാവം ഇതാണെന്നായിരുന്നു അഖിലേഷ് യാദവിൻ്റെ പോസ്റ്റ്. ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചപ്പോള്‍ പൂമാലകളും പുഷ്പവൃഷ്ടിയുമായി സ്വീകരണം നല്കിയ രീതിയെക്കാള്‍ ആക്ഷേപകരമായി മറ്റൊന്നുമില്ലെന്നും അദ്ദേഹം എക്സിലെ പോസ്റ്റില്‍ പറഞ്ഞു.


