മലയാള കാവ്യ സാഹിതി പുരസ്കാരം കോട്ടയത്ത് വച്ച് സുജിത് ഭാസ്കർ ഏറ്റുവാങ്ങി : കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും

കോട്ടയം : 2025 -2026 വർഷത്തെ മലയാള കാവ്യ സാഹിതി പുരസ്കാരം കോട്ടയത്ത് വച്ച് സുജിത് ഭാസ്കർ ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുരസ്കാര ദാനം നിർവഹിച്ചു. മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ , കർണാടക സംഗീതഞ്ജ മാതംഗി സത്യമൂർത്തി തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാധ്യമ പ്രവർത്തകനായ സുജിത് ഭാസ്ക്കർ പയ്യന്നൂർ കരിവെള്ളൂർ സ്വദേശിയും പയ്യന്നൂർ ഡയറീസ് മോഡറേറ്ററും ആണ്. പുരസ്കാരം ഏറ്റുവാങ്ങി സുജിത് നടത്തിയ മറുപടി പ്രസംഗത്തിൽ നിന്നും..

Advertisements

മലയാള കാവ്യസാഹിതിക്കും ജൂറിക്കും ഹൃദയം നിറഞ്ഞ സ്‌നേഹവും നന്ദിയും. ഈ പരിഗണന എന്നെ സംബന്ധിച്ചിടത്തോളം ഒരു അംഗീകാരം മാത്രമല്ല – ഒരു പ്രോത്സാഹനമാണ്.
2024 മെയ് മാസത്തില്‍ ‘ജലസ്മാരകം’ അച്ചടി മഷി പുരണ്ട് പുറത്തിറങ്ങിയ ആ നിമിഷവും, അതിനും ഒന്നര വര്‍ഷം മുമ്പ് ഈ നോവല്‍ എഴുതിക്കൊണ്ടിരുന്ന അവസരത്തിലും ഞാന്‍ അനുഭവിച്ച വികാരത്തിന്റെ അതേ തീവ്രത ഇപ്പോഴും എന്നില്‍ നിറയുന്നു.
എന്റെ ആദ്യ നോവലാണിത്. ഓര്‍മകളും അനുഭവങ്ങളും കാഴ്ചകളും ഭാവനയും ചേര്‍ത്ത് നെയ്‌തെടുത്ത ഒരു ജീവിത കഥനമാണ്. നോവല്‍ എന്ന മാധ്യമമാണ് അതിന് ഏറ്റവും അനുയോജ്യം. . യഥാര്‍ത്ഥത്തില്‍ നോവലെഴുത്ത് മാത്രമല്ല, ഏത് സര്‍ഗാത്മക എഴുത്തും മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടുള്ളതും വേദനയുണ്ടാക്കുന്നതുമായ പ്രവര്‍ത്തനമാണ്.വളരെ പെട്ടെന്ന് തന്നെ അത് നിങ്ങളെ നിങ്ങളുടെ പരിമിതികള്‍ നേരില്‍ ബോധ്യപ്പെടുത്തും. ഭാഷയുടെ കുറവുകളെക്കുറിച്ചും വിഭവശോഷണത്തെക്കുറിച്ചും പുതുമയില്ലായ്മയെപ്പറ്റിയും ഓര്‍മ്മിപ്പിക്കും. മുന്നിൽ എഴുതി നിറയ്ക്കാനുള്ള ശൂന്യമായ പേജ് മാത്രമേയുണ്ടാകൂ. ആ സമയത്ത് തികച്ചും ഒറ്റയ്ക്കാണ്. നീന്തലറിയാതെ നടുക്കടലില്‍ പെട്ടുപോയവന്റെ അവസ്ഥയാണ്. ഒരാശ്രയവുമില്ലാതെ തനിയേ എങ്ങനെയെങ്കിലും കര പിടിക്കണം.
ജലസ്മാരകം എഴുതി കഴിഞ്ഞു എന്നതാണ് അടുത്ത നോവലിലേക്ക് കടക്കാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നത്. ജലാശയങ്ങളില്‍നിന്നുയര്‍ന്ന്, ആകാശം തൊട്ട്, മണ്ണിലേക്കു പെയ്തിറങ്ങി, നീരൊഴുക്കുകളിലൂടെ തിരികെ ജലാശയങ്ങളിലേക്ക് തന്നെയെത്തുന്ന ജലത്തിന്റെ യാത്ര – അത് മനുഷ്യന്റെ ഓര്‍മകളുടെ യാത്ര കൂടിയാണ്. അത് നമ്മുടെ ജീവിതത്തിന്റെ തന്നെ യാത്രയാണ്.
വായനക്കാരും വിമര്‍ശനങ്ങളും കൂടിക്കലരുമ്പോഴാണ് ഒരു സാഹിത്യ സൃഷ്ടി സര്‍ഗാത്മകമാകുന്നതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. വായിക്കപ്പെടുന്നു എന്നത് മാത്രമാണ് ഒരു കൃതിയെപ്പറ്റി എഴുത്തുകാരന്റെ ഏക സന്തോഷം.
പാലക്കാട് നിന്ന് ഒരു വായനക്കാരന്റെ സന്ദേശം വന്നു. ‘ഇതില്‍ പലതും എന്റെ അനുഭവമാണ്’ എന്ന് പറഞ്ഞാണ് അജ്ഞാതനായ ആ വായനക്കാരന്‍ വിളിച്ചത് – സുരേഷ്. പിന്നീട് ഒരു ആത്മബന്ധത്തോളം ആ സൗഹൃദം വളര്‍ന്നു. മുന്‍പരിചയം ഇല്ലാത്ത കുറേ മനുഷ്യര്‍ ജീവിതത്തിലേക്ക് കടന്നുവന്നു. യാതൊന്നും പ്രതീക്ഷിക്കാതെ കൂടെനില്‍ക്കുന്നു. അതില്‍പരം എന്ത് സന്തോഷമാണ് വേണ്ടത് ഒരു എഴുത്തുകാരന്?
ഒരു ദേശത്തിന്റെ ഫ്രെയിമിനകത്ത് കഥാപാത്രങ്ങളുടെ വിന്യാസം എന്ന നിലയിലാണ് ജലസ്മാരകം പൂര്‍ത്തീകരിച്ചത്. യാഥാര്‍ത്ഥ്യങ്ങളും ഭാവനയും കൂടി കലര്‍ന്ന് സൃഷ്ടിക്കപ്പെട്ട കഥാപരിസരമാണ് അതിന്റെ ശ്രുതി. ഒരു ദേശത്തിന്റെ കഥ പറയുന്നുണ്ട് എന്നത് കൊണ്ട് ജലസ്മാരകം ഒരു ചരിത്ര ഗ്രന്ഥമല്ല. മറ്റൊരു ദേശത്തിരുന്ന് എന്റെ നാടിനെ ഓര്‍ത്തപ്പോള്‍ സംഭവിച്ചതാണ്. നടന്ന കഥകള്‍ അതുപോലെ ഉണ്ടാകരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതേ സമയം ചില നടന്ന കഥകളിലേക്കുള്ള പരോക്ഷമായ സഞ്ചാരം അതിലുണ്ട്.
ഇരുപത് വര്‍ഷമായി ഒരു മാധ്യമ പ്രവര്‍ത്തകനായിട്ടാണ് ജോലി ചെയ്തുവരുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകന്റെ സമയപരിമിതി നിങ്ങള്‍ക്കറിയാമല്ലോ. അത് നോക്കുമ്പോള്‍ എഴുത്ത് സര്‍ക്കസ് തന്നെയാണ്. മലയാള സാഹിത്യത്തില്‍ നിരന്തരം പുസ്തകങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത് . അതിനിടയിലൂടെ എന്റെ എഴുത്തും പതുക്കെ സഞ്ചരിക്കുന്നു.ഒരു പത്ര പ്രവർത്തകന്റെ
എഴുത്തുമായി സര്‍ഗാത്മക എഴുത്തിന് ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നും ഇല്ലെന്നും പറയാം. പത്രപ്രവര്‍ത്തനം യാഥാര്‍ത്ഥ്യത്തെ കാണാന്‍ പഠിപ്പിക്കുന്നു. സര്‍ഗാത്മക എഴുത്ത് ആ യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍ പ്രേരിപ്പിക്കുന്നു.
ഒരിടത്ത് ചെന്നെത്തുമെന്ന് ഉറപ്പില്ലാത്ത ഒരു പുറപ്പാടായിരുന്നു എഴുത്തനുഭവം. പക്ഷേ ഇപ്പോള്‍ നോക്കുമ്പോള്‍, അത് വെറും യാത്രയല്ല – അത് ഒരു കണ്ടെത്തലായിരുന്നു. എന്നെത്തന്നെയുള്ള ഒരു കണ്ടെത്തല്‍.
ഈ അവാര്‍ഡ് എന്റെ ഒറ്റയ്ക്കുള്ള നേട്ടമല്ല. എന്നെ വായിച്ച ഓരോ വ്യക്തിയുടെയും, എന്നെ പ്രോത്സാഹിപ്പിച്ച സ്‌നേഹിതരുടെയും, ഈ അവസരം നല്‍കിയ മലയാള കാവ്യസാഹിതി യുടെയും പങ്കുണ്ട് ഇതില്‍.
വീണ്ടും എല്ലാവര്‍ക്കും നന്ദി.
എഴുതാനുള്ള യാത്ര തുടരുന്നു. നിങ്ങളുടെ വായനകളും സ്‌നേഹവും കൂടെയുണ്ടെങ്കില്‍, ആ യാത്ര കൂടുതല്‍ അര്‍ത്ഥവത്തായിത്തീരും.

Hot Topics

Related Articles