രാമനഗര: ഉറക്കെ ചുമച്ചതിന് 34കാരന് നേരിടേണ്ടി വന്നത് ക്രൂര മർദ്ദനം. പരിക്കേറ്റ് ചികിത്സ കിട്ടാതെ രാജസ്ഥാൻ സ്വദേശിയായ യുവാവിന് കർണാടകയിൽ ദാരുണാന്ത്യം. കർണാടകയിലെ രാമനഗര താലൂക്കിലെ ബിദാദിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ബിദാദിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രാജസ്ഥാൻ സ്വദേശിയാണ് ക്രൂര മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സ കിട്ടാതെ കൊല്ലപ്പെട്ടത്. രാജസ്ഥാൻ സ്വദേശിയായ വിനോദ് കുമാർ ജെയിൻ (34) ആണ് മരിച്ചത്. വാജറഹള്ളിയിൽ ഒരു വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി വിനോദ് വീട്ടിലിരുന്ന് ഉറക്കെ ചുമച്ചത് അയൽവാസിയായ ഹൊംബയ്യയെ പ്രകോപിപ്പിച്ചു. ചുമ കേട്ട് ദേഷ്യം വന്ന ഇയാൾ വിനോദുമായി വഴക്കിടുകയായിരുന്നു.
നിസാര കാരണത്തിന് ക്രൂരമായ ആക്രമണം
എന്തിനാണ് ഇങ്ങനെ ഉറക്കെ ചുമച്ച് ശല്യപ്പെടുത്തുന്നത് എന്ന് ചോദിച്ച് ഹൊംബയ്യയും കുടുംബാംഗങ്ങളും ചേർന്ന് വിനോദിനെ ആക്രമിക്കുകയായിരുന്നു. ഒറ്റയ്ക്കായിരുന്ന വിനോദിനെ ഇവർ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന വിനോദിനെ ബിദാദിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുമയുടെ പേരിൽ തുടങ്ങിയ തർക്കം കൊലപാതകത്തിൽ അവസാനിച്ചതോടെ ഉത്തരേന്ത്യൻ യുവാവിൻ്റെ കുടുംബം അനാഥമായി. സംഭവത്തിവ് പിന്നാലെ ആക്രമണം നടത്തിയ ഹൊംബയ്യയും കുടുംബവും ഒളിവിൽ പോയിരിക്കുകയാണ്. കൊലപാതകത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിസാര കാര്യത്തിന് യുവാവിനെ തല്ലിക്കൊന്ന സംഭവം വലിയ രീതിയിലുള്ള ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ചെറിയ കാര്യങ്ങൾക്ക് മനുഷ്യൻ എത്രത്തോളം ക്രൂരനാകുമെന്നതിന് തെളിവാണ് കർണാടകയിലെ രാമനഗരയിൽ നടന്ന ഞെട്ടിക്കുന്ന സംഭവം.


