മുപ്പത് വയസിന് ശേഷം അടിവയറ്റിലെ കൊഴുപ്പ് വർധിക്കുന്നത് എന്തുകൊണ്ട്? വിശദീകരണവുമായി പ്രമുഖ ഗാസ്ട്രോഎൻട്രോളജിസ്റ്റ്

ഹെൽത്ത് ന്യൂസ്: മുപ്പത് വയസ്സ് കഴിഞ്ഞാൽ അടിവയറ്റിൽ കൊഴുപ്പ് കൂടുന്നത് പലരിലും കാണുന്ന ഒരു സാധാരണ പ്രശ്നമാണ്. എന്നാൽ ഇതിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങളെക്കുറിച്ച് പ്രമുഖ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.പ്രായം കൂടുന്നതോടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) ക്രമേണ മന്ദഗതിയിലാകുകയും, കൊഴുപ്പ് സംഭരിക്കുന്ന രീതി മാറുകയും ചെയ്യുന്നതാണ് അടിവയറ്റിലെ കൊഴുപ്പ് വർധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് ഡോക്ടർ വിശദീകരിക്കുന്നു. യുവാവായിരുന്നപ്പോൾ ചെയ്ത അതേ വ്യായാമങ്ങളോ ഭക്ഷണക്രമങ്ങളോ മുപ്പതുകൾ കഴിഞ്ഞാൽ പഴയതുപോലെ ഫലം നൽകണമെന്നില്ലെന്നും, ചെറിയ മാറ്റങ്ങൾ പോലും ശരീരത്തിൽ വേഗത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Advertisements

മുപ്പതുകൾ കഴിഞ്ഞാൽ ഓരോ പത്ത് വർഷത്തിലും ശരീരത്തിലെ പേശിബലത്തിൽ മൂന്നു മുതൽ എട്ട് ശതമാനം വരെ സ്വാഭാവികമായി കുറവുണ്ടാകുന്നതായും ഡോക്ടർ പറയുന്നു. ശരീരം ഉപയോഗിക്കുന്ന ഗ്ലൂക്കോസിന്റെ 70 മുതൽ 80 ശതമാനം വരെ വിനിയോഗിക്കുന്നത് പേശികളായതിനാൽ, പേശികളുടെ അളവ് കുറയുമ്പോൾ രക്തത്തിലെ പഞ്ചസാര ഉയരുകയും അത് അടിവയറ്റിൽ കൊഴുപ്പായി ശേഖരിക്കപ്പെടുകയും ചെയ്യുന്നു.ഇതിനൊപ്പം ഇൻസുലിൻ സെൻസിറ്റിവിറ്റിയിൽ ഉണ്ടാകുന്ന കുറവും പ്രധാന ഘടകമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കാർബോഹൈഡ്രേറ്റുകൾ കഴിച്ചതിന് പിന്നാലെ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുകയും, അരക്കെട്ടിനും വയറിനും ചുറ്റുമുള്ള കൊഴുപ്പ് വേഗത്തിൽ അടിയുകയും ചെയ്യാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോർമോണുകളിലെ മാറ്റങ്ങളും ഈ പ്രശ്നത്തെ ശക്തിപ്പെടുത്തുന്നു. ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ അളവ് കുറയുന്നതും, സ്‌ട്രെസ് ഹോർമോണായ കോർട്ടിസോൾ വർധിക്കുന്നതും ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് (Visceral fat) വർധിക്കാൻ കാരണമാകുന്നതായും ഡോക്ടർ പറയുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

ശരീരഭാരം കൂടാതെയും വയറിന്റെ വലിപ്പം വർധിക്കുന്നത്, ഉച്ച സമയങ്ങളിൽ അമിത ക്ഷീണം അനുഭവപ്പെടുന്നത്, മധുരത്തോടുള്ള അമിത ആസക്തി, കാർബോഹൈഡ്രേറ്റുകൾ കഴിച്ചതിന് പിന്നാലെ വയറുവീർക്കൽ എന്നിവ മെറ്റബോളിസം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

പരിഹാര മാർഗങ്ങൾ

ഈ അവസ്ഥ നിയന്ത്രിക്കാൻ ഓരോ കിലോ ശരീരഭാരത്തിനും 1.2 മുതൽ 1.6 ഗ്രാം വരെ പ്രോട്ടീൻ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും, പേശിബലം നിലനിർത്താൻ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും സ്ട്രെങ്ത് ട്രെയിനിംഗ് നടത്തണമെന്നും ഡോക്ടർ നിർദേശിക്കുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാൻ ദിവസവും നടക്കുക, രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക എന്നിവയും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles