കൊച്ചി:കൊച്ചി മേയർ പദവി ലഭിക്കുന്നതിനായി ലത്തീൻ സഭ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി കൊച്ചി മേയർ വി കെ മിനിമോൾ. തനിക്ക് വേണ്ടി സഭയിലെ പിതാക്കന്മാർ സംസാരിച്ചുവെന്നും, പദവികൾ നിശ്ചയിച്ചപ്പോള്‍ സമുദായത്തിന് സംഘടനാ ശക്തി തെളിയിക്കാൻ സാധിച്ചുവെന്നും അവർ പറഞ്ഞു. 46-ാമത് കെആർഎൽസിസി ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു മിനിമോൾ.“ഞാൻ ഇന്ന് ഈ സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ, അത് ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം സമൂഹത്തിന് മുന്നിൽ ഉയർന്നതിന്റെ തെളിവാണ്. അർഹമായ സ്ഥാനങ്ങൾ തീരുമാനിക്കപ്പെടുമ്പോൾ അവിടെ ശബ്ദമുയർത്താൻ നമ്മുടെ സംഘടനാ ശക്തിക്ക് സാധിച്ചു.
എനിക്ക് വേണ്ടി സഭയിലെ പിതാക്കന്മാർ സംസാരിച്ചു. സഭയിൽ നിന്ന് ഉയർന്ന ആ ശബ്ദത്തിന് കൃത്യമായ ഉത്തരം ലഭിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്,” മിനിമോൾ പറഞ്ഞു.അതേസമയം, മേയർ പദവിയിലേക്കോ കോൺഗ്രസിലെ മറ്റ് നിർണായക സ്ഥാനങ്ങളിലേക്കോ ഉള്ള തിരഞ്ഞെടുപ്പുകളിൽ സാമുദായിക ഇടപെടലുകൾ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, കൊച്ചി മേയർ പദവിക്കായി ലത്തീൻ സമുദായം ശക്തമായ അവകാശവാദം ഉന്നയിച്ചിരുന്നുവെന്ന സൂചനകളാണ് മിനിമോളുടെ വാക്കുകളിൽ നിന്ന് പുറത്തുവരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ മേയർ സ്ഥാനങ്ങൾ തീരുമാനിച്ചപ്പോൾ സമുദായത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി ലത്തീൻ സഭയ്ക്കുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, മദ്ധ്യകേരളത്തിലെ പ്രധാന പദവിയായ കൊച്ചി മേയർ സ്ഥാനത്തേക്ക് സമുദായാംഗത്തെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.വികെ മിനിമോൾ, ദീപ്തി മേരി വർഗീസ്, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഇതിൽ മിനിമോളിനും ഷൈനിക്കും മുൻതൂക്കം ലഭിക്കാൻ സഭയുടെ പിന്തുണ കാരണമായെന്നാണ് വിലയിരുത്തൽ. എന്നാൽ, കൗൺസിലർമാരുടെ ഭൂരിപക്ഷ പിന്തുണയും പാർട്ടിക്കുള്ളിലെ അഭിപ്രായങ്ങളും പരിഗണിച്ചാണ് മിനിമോളെ തിരഞ്ഞെടുത്തതെന്ന വിശദീകരണമാണ് കോൺഗ്രസ് ഔദ്യോഗികമായി നൽകിയിരുന്നത്. സമുദായ ഇടപെടലുകൾ പാർട്ടി പരസ്യമായി അംഗീകരിച്ചിരുന്നില്ലെന്നും വ്യക്തമാക്കുന്നു.


