കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുന്നുവെന്ന ഗുരുതര ആരോപണവുമായി നടൻ ദിലീപ് കോടതിയെ സമീപിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറയാത്ത പല കാര്യങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ദിലീപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ സമർപ്പിച്ചു.അടച്ചിട്ട കോടതി മുറിയിൽ നടക്കുന്ന അതീവ രഹസ്യമായ വാദങ്ങൾ പോലും ബോധപൂർവ്വം പുറത്തേക്ക് ചോർത്തുന്നുവെന്നും, ഇതുവഴി വിചാരണയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതായും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
അന്വേഷണ സംഘത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ കോടതിയുടെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യുന്നുവെന്നാണ് ആരോപണം.സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെയും ദിലീപ് രൂക്ഷമായി വിമർശിച്ചു. നിർണായകമായ വിവരങ്ങൾ കോടതിയെ ആദ്യം അറിയിക്കുന്നതിന് പകരം, മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയാണ് ബാലചന്ദ്രകുമാർ ചെയ്തതെന്ന് ദിലീപ് ആരോപിച്ചു. ചാനലുകൾക്ക് അഭിമുഖം നൽകിയ ശേഷമാണ് ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകിയതെന്നും ഹർജിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിന്റെ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കെ അന്വേഷണ ഉദ്യോഗസ്ഥർ അടക്കം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നത് കോടതി ജനുവരി 12-ലേക്ക് മാറ്റിവെച്ചു.


