തിരുവനന്തപുരം: അതിജീവിതക്കെതിരായ അപകീർത്തിപരമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെന്ന കേസിൽ തടവിൽ കഴിയുന്ന രാഹുല്‍ ഈശ്വർ, വിവാദ പോസ്റ്റുകൾ നീക്കം ചെയ്യാൻ തയാറാണെന്ന് കോടതിയെ അറിയിച്ചു. തന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തന്നെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും, എഫ്‌ഐആർ വായിക്കുന്ന വീഡിയോ മാത്രമാണ് പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
അതേസമയം, കേസിൽ നടപടികൾ കടുപ്പിച്ച് പൊലീസ് രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കസ്റ്റഡി അപേക്ഷ നൽകി. ജാമ്യം ലഭിച്ചാൽ പ്രതി കുറ്റം ആവർത്തിക്കാനുള്ള സാധ്യതയും അന്വേഷണത്തിനോടുള്ള സഹകരണമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് കോടതികളിലായി ജാമ്യഹർജി നൽകിയതിനെ തുടർന്ന് സാങ്കേതിക പ്രശ്നങ്ങൾ ഉയർന്നതോടെ ഇന്നലെ ഹർജി പരിഗണിക്കൽ നീളുകയായിരുന്നു. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയിലും രാഹുല്‍ ഈശ്വർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെന്നും അത് ഡിസംബർ 5ന് പരിഗണിക്കാനിരുന്നുവെന്നും രേഖകളിൽ പറയുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വർ അറസ്റ്റിലായത്. കേസിലെ അഞ്ചാം പ്രതിയായ അദ്ദേഹം നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ജയിലിൽ നിരാഹാര സമരവും തുടരുകയാണ്.


