പത്തനംതിട്ട:ശബരിമല വിമാനത്താവളത്തിന്റെ പേരിൽ സിപിഎം സർക്കാർ കോടികളുടെ ഭൂമി തട്ടിപ്പിന് ശ്രമിച്ചതായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു.ശബരിമലയെ ഭക്തിയുടെ കേന്ദ്രമല്ലാതെ വാണിജ്യ ലാഭത്തിനുള്ള ഉപാധിയാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ശബരിമല എന്ന വിശ്വാസത്തിന്റെ പേരിൽ ജനങ്ങളുടെ വികാരങ്ങളെ വിൽപ്പനയ്ക്കു വെച്ച് പണം ഉണ്ടാക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്നും, വിമാനത്താവളം നിർമ്മിക്കുമെന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് വ്യാപകമായ ഭൂമി കച്ചവടത്തിനാണ് സർക്കാർ പദ്ധതിയിട്ടതെന്നും കുമ്മനം ആരോപിച്ചു.
ഏറിയാൽ ആയിരം ഏക്കർ മാത്രം മതിയാകുന്ന വിമാനത്താവള പദ്ധതിക്കായി 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നീക്കം നടത്തിയതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ ശക്തമായ ബന്ധം വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണം ചെമ്പാക്കിയതുപോലെ വിലപിടിപ്പുള്ള ഭൂമികൾ ശബരിമല വിമാനത്താവളത്തിന്റെ പേരിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങി, പിന്നീട് വൻ ലാഭത്തിന് മറിച്ചുവിൽക്കാനായിരുന്നു സർക്കാർ ശ്രമമെന്നും കുമ്മനം പറഞ്ഞു.ആറന്മുളയിൽ ആയിരക്കണക്കിന് ഏക്കർ നെൽപാടശേഖരം മണ്ണിട്ട് നികത്തി ഭൂമി കച്ചവടത്തിന് വഴിയൊരുക്കാൻ ശ്രമിച്ച കോൺഗ്രസ് സർക്കാരിന്റെ അതേ തന്ത്രമാണ് ശബരിമല വിമാനത്താവള വിഷയത്തിലും സിപിഎം സർക്കാർ ആവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൽഡിഎഫും യുഡിഎഫും നേരത്തെ നടത്തിയ ഭൂമി കൊള്ളശ്രമങ്ങൾ ജനങ്ങളും കോടതിയും ചേർന്ന് പരാജയപ്പെടുത്തിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.ശബരിമലയെ വാണിജ്യ കച്ചവട താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യാനുള്ള സർക്കാർ നീക്കങ്ങളെ സർവശക്തിയും ഉപയോഗിച്ച് ജനങ്ങൾ എതിർക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.


