ഉന്നതരിലേക്ക് അന്വേഷണം നീങ്ങാതിരിക്കാൻ സമ്മർദ്ദം;ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപള്ളിയെ ചോദ്യം ചെയ്യണം;എസ്‌ഐടിയിൽ പൂർണവിശ്വാസമുണ്ടെന്ന് വി ഡി സതീശൻ

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായവർ ഉന്നതരല്ലെന്നും, നീതിപൂർവമായ അന്വേഷണം നടന്നാൽ മുൻ ദേവസ്വം മന്ത്രിയിലേക്കും അതിനുമുകളിലേക്കും അന്വേഷണം നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണം ഉന്നതരിലേക്ക് നീങ്ങാതിരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തിയെന്നും സതീശൻ ആരോപിച്ചു. യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്നത്തെ ഹൈക്കോടതി പരാമർശങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Advertisements

സിപിഎം പ്രതിക്കൂട്ടിലാകുമെന്ന് മനസ്സിലാക്കിയാണ് തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതെന്നും സതീശൻ പറഞ്ഞു. ഇപ്പോഴും എസ്‌ഐടിയിൽ പൂർണവിശ്വാസമുണ്ടെന്നും, അവർ സ്വതന്ത്രമായി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികളെ കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണ സംഘം ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥരാണെന്ന യാഥാർഥ്യം ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പെട്ടെന്ന് മന്ദഗതിയിലായതായും സതീശൻ ആരോപിച്ചു.സ്വർണക്കൊള്ളയ്ക്ക് അന്തർ സംസ്ഥാന വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തെറ്റല്ലെന്നും, എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാകുന്നതോടാണ് വിയോജിപ്പുള്ളതെന്നും സതീശൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ മറവിൽ വൻതുക കൈമാറ്റം നടന്നിട്ടുണ്ടെന്നും, ഇതിന് പിന്നിൽ അന്താരാഷ്ട്ര റാക്കറ്റ് ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആദ്യഘട്ടത്തിലെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കോടതിയുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ സ്വർണക്കവർച്ചയെ കുറിച്ച് അന്നത്തെ ദേവസ്വം മന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നും, മന്ത്രിക്ക് പ്രധാന പ്രതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സതീശൻ ആരോപിച്ചു. അതിനാൽ മുൻ മന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും, നീതിപൂർവമായ അന്വേഷണം നടത്തിയാൽ അന്വേഷണം മന്ത്രിയിൽ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ 47 ശതമാനം വോട്ട് നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും, സിപിഎമ്മിനെ തോൽപ്പിക്കാനല്ല, അവർ തോറ്റെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും സതീശൻ പറഞ്ഞു. ‘സന്ദേശം’ സിനിമ ഇപ്പോഴാണ് പുറത്തിറങ്ങിയതെങ്കിൽ, ‘പരാഡി ഗാനം’ നിരോധിച്ചതുപോലെ അത് നിരോധിക്കപ്പെട്ടേനെയെന്നും അദ്ദേഹം പരിഹസിച്ചു.

Hot Topics

Related Articles