ന്യൂഡൽഹി:കേരളത്തിനെതിരെ കടുത്ത നിലപാടുമായി കർണാടക സർക്കാർ. കേരള നിയമസഭ അടുത്തിടെ പാസാക്കിയ മലയാള ഭാഷ ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധാരമയ്യ പരസ്യമായി രംഗത്തെത്തി. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും കാസാർഗോഡ് ജില്ല ഭാഷാ ന്യൂനപക്ഷങ്ങളുടെ മൗലിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും സിദ്ധാരമയ്യ ആരോപിച്ചു.സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച മുഖ്യമന്ത്രിയ്ക്ക്, കന്നഡ, തമിഴ് മീഡിയം സ്കൂളുകളിൽ പ്രാഥമികതലം മുതൽ മലയാളപഠനം നിർബന്ധമാക്കുന്ന വ്യവസ്ഥ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ആശങ്ക.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷയായി നിശ്ചയിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.അതേസമയം, മറ്റ് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ പഠിച്ച ശേഷം ഒൻപതും പത്തും ക്ലാസുകളിൽ ചേർക്കാൻ കേരളത്തിലെത്തുന്ന വിദ്യാർഥികൾക്ക് മലയാള പഠനം നിർബന്ധമല്ലെന്നും, അവർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രമേ മലയാളം തിരഞ്ഞെടുക്കേണ്ടതുള്ളൂവെന്നും ബിൽ അവതരിപ്പിച്ച വേളയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.മലയാള ഭാഷ ബിൽ സംബന്ധിച്ച വിഷയത്തിൽ കർണാടക സർക്കാരിന്റെ ശക്തമായ എതിർപ്പ് രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ രാഷ്ട്രീയ-ഭാഷാ ചർച്ചകൾക്ക് വഴിവെക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.


