ന്യൂസ് ഡെസ്ക് :ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സിസിടിവി ക്യാമറകൾ ഇന്ന് അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. എന്നാൽ ശരിയായ പ്ലാനിംഗും സാങ്കേതിക അറിവും ഇല്ലാതെ ഇൻസ്റ്റാൾ ചെയ്താൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കണമെന്നില്ല. സിസിടിവി ക്യാമറകൾ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ചുവടെ നൽകുന്നു.ആദ്യമായി, ക്യാമറകൾ ആവശ്യമായ സ്ഥലങ്ങൾ മുൻകൂട്ടി തിരിച്ചറിയണം. വീടിനകത്തോ ഓഫീസിനകത്തോ ഉപയോഗിക്കാൻ ഡോം ക്യാമറകളും, മഴയും വെയിലും നേരിട്ട് ഏൽക്കുന്ന പുറംഭാഗങ്ങളിൽ ഐപി ഉള്ള ബുള്ളറ്റ് ക്യാമറകളും തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഡോം ക്യാമറകൾക്ക് വൈഡ് ആംഗിൾ കവറേജ് ഉൾഭാഗങ്ങളിൽ കൂടുതൽ പ്രയോജനകരമാണ്.
ഇന്ന് ഒരു എംമ്പി മുതൽ ഉയർന്ന റെസലൂഷനിലുള്ള ക്യാമറകൾ വിപണിയിൽ ലഭ്യമാണ്. സുരക്ഷയും നിരീക്ഷണവും ലക്ഷ്യമിട്ടുള്ളതിനാൽ മികച്ച ക്ലാരിറ്റിയുള്ള ക്യാമറകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നൈറ്റ് കളർ വിഷൻ, മൈക്ക് ഉൾപ്പെടുത്തിയ ക്യാമറകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ലഭ്യമാണ്. എന്നാൽ 24 മണിക്കൂറും മതിയായ വെളിച്ചമുള്ള ഷോപ്പുകൾ പോലുള്ള ഇടങ്ങളിൽ നൈറ്റ് വിഷൻ ക്യാമറകൾ അനിവാര്യമല്ല. അതുപോലെ, ഉയരത്തിൽ സ്ഥാപിക്കുന്ന ക്യാമറകളിൽ മൈക്കിന്റെ പ്രയോജനവും പരിമിതമാണ്. ഐപി, അനലോഗ് എച്ച്ഡി, വൈഫൈ എന്നിവയിൽ ഏത് തരമാണ് ആവശ്യത്തിന് യോജിച്ചത് എന്നത് ടെക്നിഷ്യന്റെ സഹായത്തോടെ തീരുമാനിക്കണം. നമ്പർ പ്ലേറ്റുകൾ വ്യക്തമായി തിരിച്ചറിയേണ്ട സ്ഥലങ്ങളിൽ സാധാരണ ക്യാമറകളുടെ പകരം ANPR (Automatic Number Plate Recognition) ക്യാമറകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാമറയിലേക്ക് നേരിട്ട് വെളിച്ചം അടിക്കുന്ന രീതിയിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കണം. ഇത്തരത്തിൽ വെളിച്ചം നേരിട്ട് പതിച്ചാൽ ദൃശ്യങ്ങളുടെ ക്ലാരിറ്റി കുറയാൻ സാധ്യതയുണ്ട്. അതുപോലെ, ക്യാമറയുടെ തൊട്ടുമുന്നിൽ വസ്തുക്കൾ വരുന്ന രീതിയിൽ സ്ഥാപിക്കാതിരിക്കാനും ശ്രദ്ധ വേണം. രാത്രി സമയങ്ങളിൽ ഇൻഫ്രാറെഡ് ഓൺ ആകുമ്പോൾ വെളിച്ചം പ്രതിഫലിച്ച് ദൃശ്യങ്ങൾ ഔട്ട് ഓഫ് ഫോക്കസ് ആകാൻ ഇത് കാരണമാകും.സിസിടിവി ക്യാമറകൾ സാധാരണയായി 12 അടി ഉയരത്തിന് മുകളിൽ സ്ഥാപിക്കുന്നത് ശുപാർശ ചെയ്യപ്പെടുന്നില്ല. ഉയരം കൂടുതലായാൽ വ്യക്തികളുടെ മുഖം വ്യക്തമായി ലഭിക്കില്ല. അതേസമയം, അത്യന്തം താഴ്ന്ന ഉയരത്തിലും ക്യാമറകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണം.ക്യാമറകളുടെ എണ്ണം കൃത്യമായി തീരുമാനിച്ചതിന് ശേഷം (DVR അല്ലെങ്കിൽ NVR) തിരഞ്ഞെടുക്കണം.
4, 8, 16, 32 ചാനൽ സംവിധാനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഭാവിയിൽ കൂടുതൽ ക്യാമറകൾ ചേർക്കാൻ പദ്ധതിയുണ്ടെങ്കിൽ അതനുസരിച്ചുള്ള (DVR) അല്ലെങ്കിൽ (NVR) തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ നൽകണം.ശരിയായ പ്ലാനിംഗോടെയും ആവശ്യത്തിന് അനുയോജ്യമായ ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നതോടെയും സിസിടിവി സംവിധാനം ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ സുരക്ഷയും നിരീക്ഷണവും ഫലപ്രദമായി ഉറപ്പാക്കാൻ സാധിക്കൂ.


