തിരുവനന്തപുരം:ജമാഅത്തെ ഇസ്‌ലാമിയെ പരാമർശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ചരിത്രാനുഭവങ്ങൾ ഓർമിപ്പിച്ചത് എങ്ങനെ വർഗീയതയാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്നത്തെ കേരളം രാജ്യത്തിന് മുന്നിൽ ഒരു മാതൃകയാണെന്നും ഇവിടെ വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ഇതിന് വിരുദ്ധമായ സാഹചര്യങ്ങൾ കേരളം മുൻകാലങ്ങളിൽ അനുഭവിച്ചിട്ടുണ്ടെന്നും, അതാണ് എ.കെ. ബാലൻ ഓർമിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിന്റെ ഉദാഹരണമാണ് മാറാട് കലാപമെന്നും, അത് അത്യന്തം ക്രൂരമായ വർഗീയ കലാപമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാറാട് കലാപത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണി പ്രദേശം സന്ദർശിച്ചപ്പോൾ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കൂടെ വരരുതെന്ന് ആർഎസ്എസ് നിബന്ധന വെച്ചിരുന്നുവെന്നും, അതനുസരിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ലെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.താൻ പാർട്ടി ഭാരവാഹിയായിരുന്ന സമയത്ത് ആരുടെയും അനുമതി തേടാതെ മാറാട് സന്ദർശിച്ചതായും, വർഗീയതയെ യു.ഡി.എഫ് എങ്ങനെ സമീപിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അന്നുണ്ടായ സംഭവങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികൾ കേരളത്തിൽ ഇന്നും നിലനില്ക്കുന്നുണ്ടെങ്കിലും, അവർക്ക് അഴിഞ്ഞാടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, തലപൊക്കാൻ ശ്രമിച്ചാൽ കർശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏത് വർഗീയതയായാലും നാടിന് അപത്താണെന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നതെന്നും, സമാനമായ സാഹചര്യം ഉണ്ടായാൽ യു.ഡി.എഫ് എന്ത് സമീപനം സ്വീകരിക്കുമെന്നത് ചൂണ്ടിക്കാണിക്കാനാണ് എ.കെ. ബാലൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


