തിരുവനന്തപുരം :പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെതിരെ പരിഹാസവുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവച്ച് രാഹുൽ പരിഹസിച്ചത്.‘ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ. ശ്രീ പി.എം ശ്രീ സിന്ദാബാദ്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പദ്ധതിയിൽ സംസ്ഥാനത്തിന്റെ പങ്കാളിത്തം സ്വീകരിച്ചതിലൂടെ മുൻപത്തെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിച്ചുവെന്നതാണ് പ്രതിപക്ഷ ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പിഎം ശ്രീ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാനില്ലെന്ന നിലപാടിൽ സിപിഐ ഉറച്ച് നിൽക്കുന്നുവെന്നാണ് സൂചന. മന്ത്രിസഭയിൽനിന്ന് വിട്ടുനിൽക്കുന്നത് അടക്കം സിപിഐ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന സമയത്ത് തോമസ് ചാണ്ടിയെ സംബന്ധിച്ച അഴിമതി ആരോപണഘട്ടത്തിലും സമാനമായ നിലപാട് സിപിഐ സ്വീകരിച്ചിരുന്നു. അന്നും സിപിഐ മന്ത്രിമാർ മന്ത്രിസഭയിൽനിന്ന് വിട്ടുനിന്നതിനെ തുടർന്നാണ് തോമസ് ചാണ്ടിയുടെ രാജി വന്നത്.


