ന്യൂഡൽഹി :മുണ്ട് ധരിച്ചതിനും ഹിന്ദി സംസാരിക്കാത്തതിനും മലയാളി വിദ്യാർത്ഥികളെ സംഘംചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും ആക്രമണത്തിൽ പങ്കാളികളായിരുന്നുവെന്നാണ് ആരോപണം.സാക്കിർ ഹുസൈൻ കോളജിലെ ഒന്നാംവർഷ വിദ്യാർത്ഥികളായ അശ്വിൻ, സുധീൻ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ചെങ്കോട്ട പരിസരത്തുവച്ച് ബുധനാഴ്ചയാണ് സംഭവം നടന്നത്.“മുണ്ട് ധരിച്ചതാണ് പ്രകോപനമാക്കിയത്. ഹിന്ദി സംസാരിക്കാത്തതിനാലും ഞങ്ങളെ ഷൂ കൊണ്ടും ബൂട്ട് കൊണ്ടും മുഖത്ത് ചവിട്ടി മർദിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെവച്ചും മർദനം തുടർന്നു,” എന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരായ രവിരംഗ്, സത്യപ്രകാശ് എന്നിവർ നേരിട്ട് മർദനത്തിൽ പങ്കെടുത്തുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. 20,000 രൂപ നൽകി കഴിഞ്ഞാൽ കേസ് ഒഴിവാക്കാമെന്ന ഭീഷണിയും പൊലീസ് ഉന്നയിച്ചുവെന്നും അവർ പറഞ്ഞു.സംഭവത്തെ തുടർന്ന് കമ്മീഷണർക്ക് പരാതി നൽകി. മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയിൻറ് അതോറിറ്റിക്കും പരാതി നൽകാൻ വിദ്യാർത്ഥികൾ ഒരുങ്ങുകയാണ്.സംഭവത്തെക്കുറിച്ച് കമ്മീഷണർ അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നും എം.പി. ബ്രിട്ടാസ് കത്ത് നൽകി.


