യുക്രെയിൻ:യുക്രെയിനിൽ വീണ്ടും റഷ്യയുടെ വ്യാപകമായ വ്യോമാക്രമണം. തലസ്ഥാനമായ കീവ് ഉൾപ്പെടെ നിരവധി നഗരങ്ങൾ ഞായറാഴ്ച രാവിലെയോടെ നടന്ന ആക്രമണത്തിൽ വിറച്ചുണർന്നു.ഒറ്റ രാത്രിയിൽ 595 ഡ്രോണുകളും 48 മിസൈലുകളും വിക്ഷേപിച്ചുവെന്ന് യുക്രെയിൻ സൈന്യം അറിയിച്ചു. ഇതിൽ 568 ഡ്രോണുകളും 43 മിസൈലുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതായും അവർ അറിയിച്ചു. 12 മണിക്കൂറിലധികം നീണ്ടുനിന്ന ആക്രമണത്തിൽ 4 പേർ മരിക്കുകയും, 67 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 12 വയസുകാരി പെൺകുട്ടി ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിൽ ഒരു ക്ലിനിക്ക്, ഫാക്ടറികൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി.റഷ്യയുടെ അധിനിവേശത്തിന് ധനസഹായം നൽകുന്ന ഊർജ്ജ വരുമാനം വെട്ടിക്കുറയ്ക്കാൻ രാജ്യാന്തര സമൂഹത്തോട് അദ്ദേഹം വീണ്ടും ആഹ്വാനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“അമേരിക്ക, യൂറോപ്പ്, ജി7, ജി20 രാജ്യങ്ങൾ അടക്കം ശക്തമായ നടപടികൾ സ്വീകരിക്കേണ്ട സമയം ഏറെ കഴിഞ്ഞു,” എന്നും സെലെൻസ്കി ടെലിഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി.അതേസമയം, റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങൾ നടപ്പാക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വരെ ഇതുവരെ ഉറച്ച തീരുമാനമെടുത്തിട്ടില്ലെന്ന് യുക്രെയിൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.


