തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും കിഴക്കൻ ഭൂമദ്ധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു. അടുത്ത 36 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ ശ്രീലങ്ക തീരത്ത് ഹബൻടോട്ടയ്ക്കും കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, തെക്കൻ കേരളത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരം തോതിലോ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 10ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാദ്ധ്യതയുണ്ടെന്ന് അറിയിച്ചു.അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ജനുവരി 10, 11 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ, മറ്റന്നാൾ വരെ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.


