ഒറ്റപ്പാലത്ത് പട്ടാപ്പകൽ മോഷണം; ആനന്ദിയുടെ വീട്ടിൽ നിന്നു സ്വർണവും പണവും കവർന്നു

ഒറ്റപ്പാലം :ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം പട്ടാപ്പകൽ നടന്ന മോഷണം പ്രദേശവാസികളെ ഞെട്ടിച്ചു. നാലകത്ത് ആനന്ദിയുടെ വീട്ടിലായിരുന്നു സംഭവം. രാവിലെ ഭാരതപ്പുഴയിൽ കുളിക്കാനായി പോയ ആനന്ദി തിരികെ എത്തിയപ്പോഴാണ് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്.പട്ടാപ്പകൽ നടന്ന കവർച്ചയിൽ രണ്ടര പവൻ സ്വർണവും 42,000 രൂപയും നഷ്ടപ്പെട്ടു. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് അലമാരയുടെ ലോക്കർ വാൾ ഉപയോഗിച്ച് പൊട്ടിച്ചെടുത്താണ് ആഭരണവും പണവും കവർന്നതെന്ന് പൊലീസ് അറിയിച്ചു.

Advertisements

അലമാരയിലെ മറ്റ് സാധനങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടത്.പുതിയ വീടിന്റെ നിർമാണത്തിനായി ബാങ്കിൽ പണയപ്പെടുത്താൻ ലക്ഷ്യമിട്ട് മകളുടെ ആഭരണങ്ങൾ അടുത്തിടെ വീട്ടിൽ കൊണ്ടുവച്ചതായിരുന്നു. നിർമാണച്ചെലവിനായി സൂക്ഷിച്ചിരുന്ന പണവും കവർച്ചയ്ക്ക് ഇരയായി.സംഭവ സ്ഥലത്ത് പൊലീസ് സംഘവും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. മായന്നൂർ പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്ക് മേഖലയിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

Hot Topics

Related Articles