തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള വിവാദത്തിലെ കട്ടിളപ്പാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതി സമർപ്പിച്ച ജാമ്യഹർജി തള്ളുകയായിരുന്നു. ദ്വാരപാലക ശില്പത്തിലെ സ്വർണക്കവർച്ച കേസിലും പത്മകുമാർ പ്രതിയാണ്. ഈ കേസിൽ നിലവിൽ റിമാൻഡിലാണ് അദ്ദേഹം.കേസിലെ മറ്റ് പ്രതികളായ മുരാരി ബാബുവിന്റെയും എൻ. വാസുവിന്റെയും ജാമ്യാപേക്ഷകൾ നേരത്തെ കോടതി തള്ളിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൈമാറിയത് ബോർഡിലെ എല്ലാ അംഗങ്ങൾക്കും അറിയാമായിരുന്നെന്നും അതിനാൽ ‘കൂട്ട ഉത്തരവാദിത്ത’മാണ് ഉണ്ടാകേണ്ടത് എന്നും പത്മകുമാർ തന്റെ ഹർജിയിൽ വാദിച്ചിരുന്നു. മിനിറ്റ്സിൽ ‘ചെമ്ബ്’ എന്ന പരാമർശവും എല്ലാവരുടെയും അറിവോടെയാണെന്ന് പത്മകുമാർ വിശദീകരിച്ചിരുന്നു. നവംബർ 20നാണ് കട്ടിളപ്പാളി കേസിൽ അദ്ദേഹം അറസ്റ്റിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ പുതിയ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഹർജി ഡിസംബർ 18ന് കോടതി പരിഗണിക്കും.കട്ടിളപ്പാളി കേസിലെ അഞ്ചാം പ്രതിയും ദ്വാരപാലക ശില്പത്തിലെ സ്വർണക്കവർച്ച കേസിലെ മൂന്നാം പ്രതിയുമായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ ജാമ്യഹർജിയുടെ വിധി ഡിസംബർ 15ലേക്ക് മാറ്റിയിരിക്കുകയാണ്.
കൂടാതെ, മുൻ കമ്മിഷണറും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയും ഡിസംബർ 15ന് പരിഗണിക്കപ്പെടും.


