പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവറിന്റെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.പോറ്റി–തന്ത്രി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളോ മറ്റ് നിർണായക തെളിവുകളോ വീടിനകത്തുണ്ടോ എന്നതാണ് എസ്‌ഐടി പ്രധാനമായി പരിശോധിക്കുന്നത്.ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് എസ്‌ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലെത്തിയത്. പരിശോധന ആരംഭിക്കുന്നതിന് മുൻപ് വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെ അന്വേഷണ സംഘം പുറത്താക്കി. തുടർന്ന്, വീട്ടിലേക്ക് എത്തിയ തന്ത്രി കണ്ഠര് രാജീവറിന്റെ മരുമകളെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
അഭിഭാഷകയായ മരുമകളെ വീടിന്റെ മുന്നിൽ നിന്ന് തന്നെ പൊലീസ് മടക്കി അയച്ചു. ആരെയും വീടിനകത്തേക്ക് കടത്തിവിടരുതെന്ന എസ്‌ഐടിയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.ശബരിമലയിലേക്ക് പോറ്റിക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നതാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഒത്താശ ചെയ്തതും, ആചാര ലംഘനത്തിന് മൗനാനുവാദം നൽകിയതും, ഗൂഢാലോചനയിൽ പങ്കാളിയായതുമാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.ഈ കേസിൽ പതിമൂന്നാം പ്രതിയായ തന്ത്രി കണ്ഠര് രാജീവർ നിലവിൽ റിമാൻഡിലാണ്.


