ബോഡി ഷെയ്മിംഗും വ്യക്തിപരമായ അധിക്ഷേപവും:മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രേയോഗം ‘പിണ്ഡോദരി മോള്‍;നടി സ്‌നേഹ ശ്രീകുമാറിനെതിരെ സത്യഭാമയുടെ വീഡിയോ വിവാദമാകുന്നു

തിരുവനന്തപുരം:മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം കൂടി. ‘പിണ്ഡോദരി മോള്‍’ എന്ന അധിക്ഷേപ പരാമര്‍ശവുമായാണ് സത്യഭാമ വീണ്ടും വിവാദത്തിലായത്. സൂപ്പര്‍ഹിറ്റ് സീരിയല്‍ മറിമായത്തിലെ മണ്ഡോദരി കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി സ്‌നേഹ ശ്രീകുമാറിനെതിരെയാണ് ഈ പരാമര്‍ശം.നെടുങ്കനൊരു വീഡിയോ സന്ദേശത്തിലൂടെയാണ് സത്യഭാമ സ്‌നേഹയുടെ പേര് നേരിട്ട് പറയാതെയെങ്കിലും, അവരുടെ ചിത്രം ഇന്‍സേര്‍ട്ട് ചെയ്തുകൊണ്ട് ഗുരുതരമായ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉന്നയിച്ചത്. വീഡിയോയില്‍ ബോഡി ഷെയ്മിംഗ് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് സത്യഭാമ നടത്തിയിരിക്കുന്നത്. നിയമനടപടികള്‍ക്ക് വഴിവെക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് വീഡിയോയിലുള്ളതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Advertisements

നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ ജാതിവര്‍ണ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് സത്യഭാമ വീണ്ടും വിവാദത്തിലാകുന്നത്. രാമകൃഷ്ണനെ പിന്തുണച്ച്‌ നടി സ്‌നേഹ ശ്രീകുമാര്‍ മുന്‍പ് നടത്തിയ വിമര്‍ശനങ്ങളോടുള്ള പ്രതികാരമായാണ് പുതിയ വീഡിയോയെന്ന് വ്യക്തമാകുന്നു.ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ സ്‌നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബ പശ്ചാത്തലത്തെയും തൊഴില്‍ ജീവിതത്തെയും പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് സത്യഭാമ നടത്തിയിരിക്കുന്നത്. ‘മണ്ഡോദരി’ കഥാപാത്രത്തെ ‘പിണ്ഡോദരി മോള്‍’ എന്ന് വിശേഷിപ്പിച്ച സത്യഭാമ, സ്‌നേഹയുടെ അഭിനയത്തെയും കലാപരമായ യോഗ്യതകളെയും ചോദ്യം ചെയ്യുകയും ചെയ്തു.സ്‌നേഹയുടെ ഭര്‍ത്താവ് ശ്രീകുമാര്‍ മുന്‍പ് കേസില്‍ പ്രതിയായിരുന്ന സംഭവവും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ പരിഹസിക്കുന്നതോടൊപ്പം പൊതുവേദിയില്‍ കണ്ടാല്‍ മറുപടി നല്‍കുമെന്ന ഭീഷണിയും സത്യഭാമ വീഡിയോയില്‍ ഉന്നയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌നേഹയുടേയും ആര്‍.എല്‍.വി. രാമകൃഷ്ണന്റെയും പേര് വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും, പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നത് സ്‌നേഹയുടെ ചിത്രങ്ങളാണ്. മുന്‍പ് സത്യഭാമ രാമകൃഷ്ണന്‍ വിവാദത്തില്‍ സത്യഭാമയുടെ ഭാഷയെയും സമീപനത്തെയും ശക്തമായി വിമര്‍ശിച്ചിരുന്നതാണ് സ്‌നേഹ.അന്ന് സ്‌നേഹ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കലാമണ്ഡലം എന്ന പേര് വഹിക്കുന്ന ഒരാള്‍ ഇത്തരം ഭാഷ ഉപയോഗിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും, അധ്യാപിക എന്ന നിലയില്‍ സത്യഭാമ അയോഗ്യയാണെന്നും സ്‌നേഹ ആരോപിച്ചിരുന്നു.സ്‌നേഹയുടെ അന്നത്തെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് ഇപ്പോള്‍ സത്യഭാമയുടെ വീഡിയോ സന്ദേശമെന്നാണ് വിലയിരുത്തല്‍. സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സ്‌നേഹ ശ്രീകുമാര്‍ നിയമനടപടികളിലേക്ക് നീങ്ങുമോയെന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം.

Hot Topics

Related Articles