തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തില്‍ പല വസ്തുക്കളും കാണാനില്ലെന്നടക്കം പരാമർശിക്കുന്ന പൊലീസിന്റെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നും ഇത് സമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് ഭരണസമിതിയുടെ പ്രതികരണം. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ ഡി ജി പി സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകള്‍ പൂർണ്ണമായും തെറ്റാണെന്ന് ഭരണസമിതി അഭിപ്രായപ്പെട്ടു. ഡി ജി പിയുടെ റിപ്പോർട്ടില്‍ ‘നഷ്ടപ്പെട്ടു’ എന്ന് പറയുന്ന വൈര നാമവും വിളക്കും ഉള്‍പ്പെടെയുള്ള വസ്തുക്കളെല്ലാം ശ്രീകോവിലിനുള്ളില്‍ ഭദ്രമായിരിപ്പുണ്ടെന്നും ഭക്തർ സമർപ്പിച്ച സ്വർണ്ണ നാണയങ്ങളുടെയും കട്ടകളുടെയും കൃത്യമായ കണക്കുകള്‍ ക്ഷേത്രത്തിലുണ്ടെന്നും ഭരണസമിതി യോഗത്തിന് ശേഷം ഭാരവാഹികള്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ചെമ്പകത്തിൻമൂട് നട വഴിയുള്ള പ്രവേശനം ക്ഷേത്ര സ്ഥാനിക്കും രാജകുടുംബാംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്ന് ഭരണസമിതി വിശദീകരിച്ചു. മറ്റാർക്കും ഈ വഴി പ്രവേശനമില്ല. ഭക്തരും ജീവനക്കാരും അതിഥികളും അടക്കമുള്ള മറ്റെല്ലാവരും കേരള പോലീസിന്റെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായി മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും. ചില വ്യക്തികള്‍ യാതൊരുവിധ സുരക്ഷാ പരിശോധനയുമില്ലാതെ ക്ഷേത്രത്തില്‍ വന്ന് പോകുന്നുവെന്ന പോലീസിന്റെ വാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി. ക്ഷേത്ര ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും സല്‍പ്പേരിനും കളങ്കം സൃഷ്ടിക്കുന്ന തരത്തില്‍ വസ്തുതകള്‍ അന്വേഷിക്കാതെ റിപ്പോർട്ട് നല്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടാൻ തീരുമാനിച്ചതായും ഇന്ന് ചേർന്ന ഭരണസമിതി യോഗം അറിയിച്ചു. എക്സിക്യുട്ടീവ് ഓഫീസറുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നടത്തിയ വിശദമായ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയുടെ ഈ നീക്കം. വൈര നാമവും വിളക്കും സുരക്ഷിതമാണെന്ന് ഭരണസമിതി അംഗങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തിനു ശേഷം വ്യക്തമാക്കുകയുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർത്താക്കുറിപ്പ്
സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ അഡീഷണല്‍ ഡയറക്ടർ ജനറല്‍ ഓഫ് പൊലീസ് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ ഒരു പകർപ്പ് ക്ഷേത്ര ഭരണസമിതിക്ക് ലഭിച്ചിരുന്നു. പ്രസ്തുത കത്തില്‍ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളുടെ സത്യാവസ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 20.05.2026 ന് ചേർന്ന ക്ഷേത്ര ഭരണസമിതി യോഗം എക്സിക്യുട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഭരണസമിതിയുടെ നിർദ്ദേശാനുസരണം നടത്തിയ വിശദമായ പരിശോധനകളുടെയും, രേഖകളുടെ അവലോകനത്തിന്റെയും എക്സിക്യുട്ടീവ് ഓഫീസർ ഭരണസമിതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടില്‍ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടില്‍ ‘നഷ്ടപ്പെട്ടു’ എന്ന് പരാമർശിച്ചിരിക്കുന്ന നാമവും, വിളക്കും ശ്രീകോവിലിനുളളില് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഭക്തജനങ്ങള്‍ ഭഗവാനു സമർപ്പിച്ചിട്ടുളള സ്വർണ്ണ നാണയങ്ങളും, സ്വർണ്ണക്കട്ടികളും ഉള്‍പ്പെടെയുളള സമർപ്പണ വസ്തുക്കള്‍ സുരക്ഷിതമായി സംരക്ഷിച്ചുവരുന്നതായും, അവയെ സംബന്ധിച്ച കൃത്യവും, വ്യക്തവുമായ കണക്കുകള്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചുവരുന്നതായും, സമയാസമയങ്ങളില്‍ ഇവ ആഡിറ്റിന് വിധേയമാക്കിയിട്ടുളളതാണ് എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ വൈര നാമവും, വിളക്കും ക്ഷേത്രത്തിനുളളില്‍ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന കാര്യം ഭരണസമിതി അംഗങ്ങള്‍ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടിട്ടുളളതുമാണ്. ചെമ്പകത്തിൻമൂട് നട വഴിയുളള പ്രവേശനം ക്ഷേത്ര സാനിക്കും, രാജകുടുംബാംഗങ്ങള്‍ക്കും മാത്രമാണ്. മററാർക്കും ചെമ്പകത്തിൻമൂട് നട വഴി പ്രവേശിക്കുവാനോ, ക്ഷേത്രത്തില്‍ നിന്ന് പുറത്ത് പോകുവാനോ അനുവാദം നല്‍കിയിട്ടില്ലാത്തതാകുന്നു. കൂടാതെ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷാ വിഭാഗത്തിന്റെ (കേരള പൊലീസ് സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായി മാത്രമേ ഭക്തജനങ്ങള്‍ക്കും, ക്ഷേത്ര ജീവനക്കാർക്കും, ഗസ്റ്റുകള്‍ക്കും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുവാനും, ക്ഷേത്രത്തിന് പുറത്ത് കടക്കുവാനും സാധിക്കുകയുളളൂ. ആകയാല്‍ മേല്‍ റിപ്പോർട്ടില്‍ പരാമർശിച്ചിരുന്ന വ്യക്തികള്‍ യാതൊരുവിധ സുരക്ഷാ പരിശോധനകള്‍ക്കും വിധേയമല്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നുവെന്നും, പുറത്തേക്ക് പോകുന്നുവെന്ന വാദം തികച്ചും വസ്തുതാവിരുദ്ധമാണ്. ക്ഷേത്ര ഭരണസമിതിയുടെയും, ക്ഷേത്ര ഭരണസംവിധാനത്തിന്റെയും വിശ്വാസ്യതക്കും, സല്‍പ്പേരിനും കളങ്കം സൃഷ്ടിക്കുന്ന തരത്തില്‍, ബന്ധപ്പെട്ട അധികാരികളെയോ, ഭരണസമിതിയെയോ സമീപിക്കാതെയും, യുക്തിസഹമായ അന്വേഷണം നടത്താതെയും, വസ്തുതകള്‍ സമഗ്രമായി പരിശോധിക്കാതെയും വസ്തുതാവിരുദ്ധമായ റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ 29.05.2026 ന് ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നു.


