ഏറ്റുമാനൂർ : മുൻസിപ്പാലിറ്റി പതിനാറാം വാർഡ് അങ്കണവാടി നിർമ്മാണ ഉദ്ഘാടനത്തിന് എത്തിച്ചേർന്ന കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസും, ഏറ്റുമാനൂർ മുൻസിപ്പാലിറ്റി കൗൺസിലർ ഉഷാ സുരേഷ്, ബി ജെ പി ജില്ലാ ട്രഷറർ ശ്രീജിത്ത് കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ലാ സെക്രട്ടറി സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായി വഞ്ചിനാടിന് വേണ്ടിയുള്ള ആവശ്യം അറിയിച്ച് നിവേദനം നൽകി. രാവിലെ തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിനുകളുടെ അഭാവം മൂലം വലിയ ദുരിതമാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ വലിയ ഒരു വിഭാഗം യാത്രക്കാർ അനുഭവിക്കുന്നത്.
ഏറ്റുമാനൂരും പരിസര പഞ്ചായത്തിലെയും നിരവധി യാത്രക്കാർ ഓഫീസ്, ആശുപത്രി ആവശ്യങ്ങൾക്കായി പുലർച്ചെ കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയാണ് തിരുവനന്തപുരത്തേയ്ക്ക് ഇപ്പോൾ യാത്ര ചെയ്യുന്നതെന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യത്തിന് ഇനിയും കാലതാമസം അരുതെന്നും ഉഷാ സുരേഷ് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി. എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ഐ സി.എച്ച്, ഐ ടി ഐ, ബ്രില്യന്റ് കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ അർദ്ധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നിരവധി വ്യവസായിക സ്ഥാപനങ്ങൾ, ഏറ്റുമാനൂർ ക്ഷേത്രം, ചാവാറ മ്യൂസിയം, അൽഫോൻസാ തീർത്ഥാടന കേന്ദ്രം, അതിരമ്പുഴ പള്ളി പോലുള്ള തീർത്ഥാടനകേന്ദ്രങ്ങൾ ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതായി ശ്രീജിത്ത് കൃഷ്ണൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് കോട്ടയത്ത് നിന്ന് കയറുന്നതിൽ സിംഹഭാഗം യാത്രക്കാരും ഏറ്റുമാനൂർ സ്റ്റേഷൻ കടന്നാണ് പോകുന്നതെന്നും കോട്ടയത്ത് സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന പാർക്കിംഗ് അടക്കമുള്ള അസൗകര്യങ്ങൾക്ക് ഏറ്റുമാനൂരിൽ വഞ്ചിനാടിന് സ്റ്റോപ്പിലൂടെ പരിഹാരമാകുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസിന് വേണ്ടി ശ്രീജിത്ത് കുമാർ നൽകിയ നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി. ഐലൻഡ് പ്ലാറ്റ് ഫോം ആയതുകൊണ്ട് സമയനഷ്ടം കൂടാതെയും ഷെഡ്യൂളിൽ മാറ്റം വരുത്താതെയും സർവീസ് തുടരനാകുമെന്ന് സ്റ്റോപ്പിന് മറ്റു സാങ്കേതിക തടസ്സങ്ങൾ ഒന്നുമില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
നിവേദനങ്ങൾ സ്വീകരിച്ച ശേഷം ആവശ്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും വഞ്ചിനാടിന്റെ സ്റ്റോപ്പ് പരിഗണനയിലുണ്ടെന്നും തീർച്ചയായും അടിയന്തിര ഇടപെടൽ നടത്തുമെന്നും കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉറപ്പ് നൽകി. മുതിർന്ന ബി ജെ പി നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണൻ വഞ്ചിനാടിന്റെ സ്റ്റോപ്പുമായി ബന്ധപ്പെട്ട് നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു.
രാവിലെ വേണാടിന് മുമ്പുള്ള സ്പെഷ്യൽ മെമുവിലെ തിരക്കുകൾ പരിഹരിക്കാൻ 16 കാർ മെമു അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ബി കോളേജ് ആലപ്പുഴ, കെമിസ്ട്രി വിഭാഗം തലവനായി വിരമിച്ച കൃഷ്ണകുമാർ ഒപ്പുശേഖരണം നടത്തി കേന്ദ്രമന്ത്രിയ്‌ക്ക് സമർപ്പിച്ചു. കോച്ചുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധികൾ പങ്കുവെച്ചു. അധികം വൈകാതെ 4 കോച്ചുകൾ വർദ്ധിപ്പിക്കുമെന്നും നടപടിക്രമം പുരോഗമിക്കുന്നതായും റെയിൽ യാത്രക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും യാത്രാക്ലേശം പരിഹരിക്കാനുള്ള പരിശ്രമം തുടരുമെന്നും കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ അറിയിച്ചു.


