കൊച്ചി: സിഎംആർഎല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കേസില്‍ പരമാവധി തെളിവുകള്‍ എത്രയും വേഗം ശേഖരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്. മരവിപ്പിച്ച അക്കൗണ്ടില്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇതില്‍ ലോക്കർ സൗകര്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. അതേസമയം വീണയ്ക്കെതിരായ അന്വേഷണത്തിന്റെ തുടർനടപടിയുടെ ഭാഗമായി അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയേക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വീകരിക്കുന്ന നടപടിയാണിത്.
വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യുന്നതിനു വൈകാതെ വീണയ്ക്കു സമൻസ് നല്‍കുമെന്നാണു വിവരം.
ഇതിനു പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുക. തിങ്കളാഴ്ച ഹൈക്കോടതി കേസില്‍ അപ്പീല്‍ പരിഗണിക്കാനിരിക്കെയാണ് ഇഡി നടപടികള്‍ വേഗത്തിലാക്കുന്നത്.


