തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ അത്യന്തം ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി. ആഘോഷവേളകൾ അപകടങ്ങളാൽ കണ്ണീരിൽ കലരാതിരിക്കണമെന്ന മുന്നറിയിപ്പോടെയാണ് കെഎസ്‌ഇബി ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.ദീപാലങ്കാരത്തിന് ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണമെന്ന് കെഎസ്‌ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ലോഹനിർമ്മിതമായ പ്രതലങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷൻ എടുക്കണമെന്നും വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുതെന്നും കെഎസ്‌ഇബി നിർദേശിച്ചു. വയറുകളിൽ മൊട്ടുസൂചിയോ സേഫ്റ്റി പിനോ കുത്തി കണക്ഷൻ എടുക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയർ ജോയിന്റുകൾ ശരിയായ രീതിയിൽ ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ (ELCB / RCCB) ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കണമെന്നും കെഎസ്‌ഇബി അഭ്യർത്ഥിച്ചു.ആനന്ദഭരിതമായ ആഘോഷവേളകൾ അപകടങ്ങളാൽ കണ്ണീരിൽ കുതിർന്നുപോകരുതെന്ന ഓർമ്മപ്പെടുത്തലോടെയാണ് കെഎസ്‌ഇബിയുടെ ജാഗ്രതാനിർദേശം അവസാനിക്കുന്നത്.


