തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 2,634 കേസുകളിൽ ഗുരുതരസ്വഭാവമുള്ള വകുപ്പുകൾ ഉൾപ്പെട്ടവ പിൻവലിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ എത്രയും വേഗം പിൻവലിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ കേസും പരിഗണിക്കുന്ന കോടതിയുടെ മുൻപാകെ പ്രത്യേകം അപേക്ഷ സമർപ്പിച്ചേ കേസുകൾ പിൻവലിക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസുകളുടെ സ്വഭാവം കണക്കിലെടുത്ത് പൊലീസ് തുടർനടപടികൾ ഒഴിവാക്കിയതും പിൻവലിക്കാനുളള അപേക്ഷ കോടതിയിൽ സമർപ്പിച്ചതുമായ കേസുകളുടെ എണ്ണം 1,047 ആണ്. ഇതുവരെ 86 കേസുകൾ കോടതി മറ്റുതരത്തിൽ തീർപ്പാക്കി. 278 കേസുകൾ വെറുതെ വിട്ടു. 726 കേസുകളിൽ ശിക്ഷിച്ചു. 692 കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ 2023 ഓഗസ്റ്റ് 21-ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.


