തൃശ്ശൂർ:കേരള സംസ്ഥാന ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിൽപ്പനക്കാരനെ കബളിപ്പിച്ച സംഭവത്തിൽ 14,700 രൂപ നഷ്ടപ്പെട്ടതായി പരാതി. തൃശൂർ കാട്ടൂർ പെരിഞ്ഞനം സ്വദേശിയായ നെല്ലിപറമ്പിൽ തേജസാണ് തട്ടിപ്പിനിരയായത്. സംഭവം സെപ്റ്റംബർ 27നാണ് നടന്നത്.ബൈക്കിൽ എത്തിയ യുവാവ് 21ന് നറുക്കെടുപ്പ് നടന്ന സമൃദ്ധി ലോട്ടറിയുടെ ആറു ടിക്കറ്റുകൾ സ്വന്തമായി ഉണ്ടെന്നും അത് സമ്മാനം അടിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായി തേജസ് പൊലീസിനോട് മൊഴി നൽകി. തേജസ് ടിക്കറ്റുകൾ സ്കാൻ ചെയ്ത് നോക്കിയപ്പോൾ ഓരോന്നിനും 5000 രൂപ വീതം സമ്മാനം അടിച്ചതായി കണ്ടെത്തി.
തേജസിന്റെ പക്കൽ മുഴുവൻ തുക ഉണ്ടായിരുന്നില്ലാത്തതിനാൽ, മൂന്നു ടിക്കറ്റിന്റെ സമ്മാനത്തുകയായ 14,700 രൂപ (ഏജന്റിന്റെ കമ്മീഷൻ കുറച്ച്) നൽകി.ശേഷം, ടിക്കറ്റുകൾ കൈയിൽ എടുത്ത് തൃശ്ശൂർ ഏജൻസിയിൽ എത്തിയപ്പോൾ, അതേ നമ്പറിലെ ടിക്കറ്റുകൾ ഇതിനകം ആലപ്പുഴ ട്രഷറിയിൽ മാറിയതായി വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് തേജസിന്റെ കൈവശമുള്ളത് കളർ ഫോട്ടോസ്റ്റാറ്റ് കോപ്പികളാണെന്ന് കണ്ടെത്തിയത്.സംഭവത്തിൽ തേജസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടൂർ പൊലീസ് അന്വേഷണം തുടങ്ങി.

