കാലിഫോർണിയ:ദീപാവലിയെ ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിച്ച് അമേരിക്കയിലെ കാലിഫോർണിയ ചരിത്രമെഴുതി. ഗവർണർ ഗവിൻ ന്യൂസോം ഇതുസംബന്ധിച്ച ബില്ലിൽ ഒപ്പുവെച്ചതോടെ, കാലിഫോർണിയ ദീപാവലിക്ക് അവധി അനുവദിക്കുന്ന മൂന്നാമത്തെ യുഎസ് സ്റ്റേറ്റ് ആയി.പുതിയ നിയമപ്രകാരം, സർക്കാർ ജീവനക്കാർക്ക് ദീപാവലി ദിനത്തിൽ ഓപ്ഷണൽ ലീവ് ലഭ്യമാകും. പൊതുവിദ്യാലയങ്ങൾക്കും കമ്മ്യൂണിറ്റി കോളേജുകൾക്കും ദീപാവലി ദിനത്തിൽ അവധി നൽകാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.ഇന്ത്യൻ വംശജരുടെ വൻജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയയുടെ ഈ തീരുമാനത്തെ ഇന്ത്യൻ പ്രവാസികളും അമേരിക്കൻ പൗരന്മാരും ഉൾപ്പെടുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹം ഹർഷത്തോടെ സ്വാഗതം ചെയ്തു.
വൈവിധ്യമാർന്ന സംസ്കാരങ്ങളെയും മതാചാരങ്ങളെയും അംഗീകരിക്കുന്നതിലേക്കുള്ള പ്രതീകാത്മകമായ ചുവടുവെപ്പാണിതെന്ന് കമ്മ്യൂണിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.ദീപാവലിക്ക് സംസ്ഥാനതല അവധി അനുവദിച്ച യുഎസ് സ്റ്റേറ്റുകളിൽ പെൻസിൽവാനിയയുടെയും കണക്റ്റിക്കട്ടിന്റെയും പിന്നാലെയാണ് കാലിഫോർണിയയും ചേർന്നത്.കൂടാതെ, ന്യൂയോർക്ക് സിറ്റിയിലും ദീപാവലി ദിനത്തിൽ പൊതുവിദ്യാലയങ്ങൾക്ക് അവധി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.


