മുംബൈ :വീഡിയോ കോളിൽ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് റെയിൽവേ പ്ലാറ്റ്‌ഫോമിൽ യുവതിയുടെ പ്രസവം വിജയകരമായി പൂർത്തിയാക്കി ട്രെയിൻ യാത്രക്കാരനായ യുവാവ്. മുംബൈയിലെ റാം മന്ദിർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു ഹൃദയഹാരിയായ സംഭവം. വികാസ് ബെൻഡ്രെ എന്ന യുവാവാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച ധീരനായി സോഷ്യൽ മീഡിയയിൽ പ്രശംസ നേടുന്നത്.സംഭവത്തിന് ദൃക്‌സാക്ഷിയായ മൻജീത് ദില്ലൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പോസ്റ്റിൽ പറഞ്ഞതനുസരിച്ച്, പുലർച്ചെ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ആ സമയം യുവതിയുടെ പ്രസവം മധ്യത്തിലായിരുന്നു കുഞ്ഞ് പകുതിയായി പുറത്തുവന്ന നിലയിൽ. “ദൈവം തന്നെ ആ നിമിഷം ഈ മനുഷ്യനെ അവിടെ അയച്ചതാണ്,” എന്നാണ് മൻജീത് പോസ്റ്റിൽ എഴുതിയത്.
ആംബുലൻസ് എത്താൻ വൈകുമെന്ന വിവരം ലഭിച്ചതോടെ നിരവധി ഡോക്ടർമാരെ വിളിച്ചെങ്കിലും, ഒടുവിൽ ഒരു വനിതാ ഡോക്ടർ വീഡിയോ കോളിലൂടെ നിർദ്ദേശങ്ങൾ നൽകുകയായിരുന്നു. അതനുസരിച്ച് വികാസ് ബെൻഡ്രെ കൃത്യമായ നടപടികൾ സ്വീകരിച്ചു. ഒടുവിൽ കുഞ്ഞിനെയും അമ്മയെയും സുരക്ഷിതമായി പ്രസവിപ്പിക്കാനും പിന്നീട് ആശുപത്രിയിലേക്ക് എത്തിക്കാനും കഴിഞ്ഞു.മുൻപ് യുവതിയുടെ കുടുംബം അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും പ്രസവം നടത്താൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞതോടെ അവർ ട്രെയിനിൽ മടങ്ങേണ്ടിവന്നതായും റിപ്പോർട്ടുണ്ട്. “ഇത്തരമൊരു സാഹചര്യത്തിൽ ആശുപത്രി സഹായം നിഷേധിച്ചത് ലജ്ജാകരമാണ്,” എന്ന് മൻജീത് പോസ്റ്റിൽ കുറിച്ചു.രണ്ട് ജീവൻ രക്ഷിച്ച വികാസിന്റെ ധൈര്യവും മനുഷ്യത്വവും സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രശംസ നേടി.


