എസ് എൻ പുരം : കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ ഈ അധ്യയന വർഷം മുതൽ നടപ്പിലാകുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം (4S)ക്ലബ്ബിന്റെ പ്രവർത്തനോത്ഘാടനം ,കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ സന്ധ്യ സുരേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതവും, ക്ലബ്ബ് ജോയിന്റ് കോർഡിനേറ്റർ അശ്വതി എസ് ആശംസയും, ക്ലബ്ബ് കോർഡിനേറ്റർ അജിത പി ജി നന്ദിയും പറഞ്ഞു. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് അൻസാർ എ പദ്ധതി വിശദീകരണം നടത്തി.




സേവനം സഹജീവനം എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായ ഈ പദ്ധതിയുടെ പ്രവർത്തനലക്ഷ്യങ്ങളെ ക്കുറിച്ചും,മുന്നോട്ട് വയ്ക്കുന്ന കർമ്മ പദ്ധതികളെക്കുറിച്ചും അംഗങ്ങളെ ബോധ്യപ്പെടുത്തി. തുടർപ്രവർത്തനങ്ങൾക്ക് ജില്ലാ കോർഡിനേറ്ററുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും വാഗ്ദാനം ചെയ്തു. നിലവിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയാണ് പദ്ധതിയിൽ അംഗമാക്കുക. ഇവർക്ക് പത്താം ക്ലാസ്സിൽ സർട്ടിഫിക്കറ്റും,പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും ലഭിക്കും.


