തിരുവനന്തപുരം :നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (RIDF) ട്രഞ്ച് 31-ന് കീഴിൽ 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി അംഗീകാരം നൽകി. ആർ.ഐ.ഡി.എഫ് ട്രഞ്ച് 31-ന്റെ 550 കോടി രൂപയുടെ നോർമേറ്റീവ് അലോക്കേഷൻ പരിഗണിച്ചാണ് പദ്ധതികൾ ശുപാർശ ചെയ്തത്.വനം വകുപ്പിന് 159.64 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ഇതിൽ റാപ്പിഡ് റെസ്പോൺസ് യൂണിറ്റുകൾ, ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സുകൾ, വനം ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉൾപ്പെടുന്നു. വൈദ്യുതി വകുപ്പിന് കീഴിൽ കൃഷിവകുപ്പ് ഗുണഭോക്താക്കൾക്കായി 5,689 സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനായി 199.70 കോടി രൂപ അനുവദിച്ചു.
ജലവിഭവ വകുപ്പിന് കീഴിൽ പഴശ്ശിയും കാരാപ്പുഴയും ഉൾപ്പെടുന്ന ജലസേചന പദ്ധതികളുടെ കനാൽ നവീകരണത്തിനായി 176.42 കോടി രൂപ നീക്കിവച്ചു. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷന് തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലായി പടവുനിലങ്ങളും കുളങ്ങളും നവീകരിക്കുന്ന ആറ് പദ്ധതികൾക്കായി 261 കോടി രൂപ ശുപാർശ ചെയ്തു.സാമൂഹ്യനീതി വകുപ്പിന് കീഴിൽ നിപ്മെറിൽ 250 കിടക്കകളുള്ള പുനരധിവാസ ആശുപത്രിയും അക്കാദമിക് ബ്ലോക്കും ഉൾപ്പെടുന്ന പദ്ധതികൾക്കായി 73 കോടി രൂപ ശുപാർശ ചെയ്തു. കൃഷിവകുപ്പിന് 12 ജില്ലകളിലായി 26 സ്മാർട്ട് കൃഷിഭവനുകൾ, ആലപ്പുഴയിലെ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, കണ്ണൂരിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 176.14 കോടി രൂപ അംഗീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീരദേശ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് മയ്യലിലും മുല്ലക്കോടിയിലുമുള്ള ബോട്ട് ജെട്ടികളുടെ നിർമ്മാണത്തിനും ടി.എസ്. കനാലിന് കുറുകെയുള്ള ആറ് പാലങ്ങളുടെ നിർമ്മാണത്തിനുമായി 217 കോടി രൂപ ശുപാർശ ചെയ്തു. കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷന് ആധുനിക വെയർഹൗസുകളും ഗോഡൗണുകളും നിർമ്മിക്കാൻ 44.92 കോടി രൂപയും കേരള അഗ്രോ മെഷിനറി കോർപ്പറേഷന് വജ്ര 120 പവർ ടില്ലർ നിർമാണ അടിസ്ഥാന സൗകര്യ വികസനത്തിനായി 36.45 കോടി രൂപയും അനുവദിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പിന് കോംപ്രിഹെൻസീവ് മുനിസിപ്പൽ ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റ് ആൻഡ് റോഡ് റെസ്റ്റോറേഷൻ പ്രോജക്ട് ഉൾപ്പെടെ 165 കോടി രൂപ നീക്കിവച്ചു. മണ്ണ് സംരക്ഷണ വകുപ്പിന് നോർത്ത്, സൗത്ത് സോണുകളിലെ വാട്ടർഷെഡുകളിൽ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്കായി 69.46 കോടി രൂപ ശുപാർശ ലഭിച്ചു.മത്സ്യബന്ധനവും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പും സമർപ്പിച്ച 243 കോടി രൂപയുടെ പദ്ധതികൾ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ നിന്ന് കുറഞ്ഞ പലിശനിരക്കിൽ ഏറ്റെടുക്കാൻ ശുപാർശ ചെയ്തു.
ഇതിൽ ചെല്ലാനം, ചെറുവത്തൂർ, മഞ്ചേശ്വരം ഫിഷിംഗ് ഹാർബറുകളുടെ നവീകരണവും അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിനെ ഫിഷിംഗ് ഹാർബറായി ഉയർത്തുന്നതും മത്സ്യഫെഡ് നെറ്റ് ഫാക്ടറിയുടെ നിർമ്മാണവും ഉൾപ്പെടുന്നു.ആർ.ഐ.ഡി.എഫ് ട്രഞ്ച് 26-ന്റെ ബില്ലുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 വരെയാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. ട്രഞ്ച് 27, 2026 മാർച്ച് 31-ന് അവസാനിക്കുന്നതിനാൽ, ഈ ട്രഞ്ചിലെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ക്ലെയിമുകൾ സമർപ്പിക്കാനും നിർവഹണ ഉദ്യോഗസ്ഥരെ അദ്ദേഹം നിർദ്ദേശിച്ചു.


