മലപ്പുറം: എടപ്പാൾ മാണൂർ ഗ്രാമം അമ്മയുടെയും മകളുടെയും ദാരുണ മരണത്തിൽ ഞെട്ടിയിരിക്കുകയാണ്. പറക്കുന്നിലെ അനിതകുമാരിയും (52) ഓട്ടിസമുള്ള മകളും ഇന്നലെ പകൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ വീടിനരികെ കണ്ടെത്തുകയായിരുന്നു.രാവിലെ ഏഴുമണിക്കോടെയാണ് അനിതകുമാരിയെ വീടിന്റെ മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. കൈയിലെ ഞരമ്പ് മുറിച്ചതായും, ഓട്ടിസമുള്ള മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷമാണു മാതാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പ്രാഥമിക വിലയിരുത്തൽ.
ഒരു വർഷം മുൻപ് ഭർത്താവ് ഗോപാലകൃഷ്ണൻ മരണപ്പെട്ടു. അതിനുശേഷം മാനസികമായി തളർന്ന അനിതകുമാരി അയൽക്കാരുമായോ ബന്ധുക്കളുമായോ കൂടുതലായി ഇടപഴകാറില്ലായിരുന്നു.എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൻ ജോലിക്കു പോകുന്നതിനുമുമ്പ് പതിവിലധികം സ്‌നേഹം പ്രകടിപ്പിച്ചതായി പറയുന്നു. രാത്രി ഒന്നരയോടെ അമ്മ വിളിച്ച് “ഭക്ഷണം കഴിച്ചിട്ട് രാവിലെ വരണം” എന്ന് പറഞ്ഞതായും മകൻ ഓർമ്മിക്കുന്നു.രാവിലെ നാട്ടുകാർക്ക് ലഭിച്ച ദാരുണ വാർത്ത ഗ്രാമം മുഴുവൻ സ്തംഭിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിനകത്ത് നിന്നാണ് മകനും ബന്ധുക്കൾക്കുമായി എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയത്.


