പമ്പ: മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിന് ശബരിമല നട തുറന്നു. കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുണ്‍കുമാർ നമ്പൂതിരിയാണ് നട തുറന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി, ശ്രീകോവിൽ ദീപം കൊണ്ടുവന്ന് ആഴി ജ്വലിപ്പിച്ചു.പതിനെട്ടാം പടിക്ക് താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തിലേക്ക് പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം 6.30ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്യും. തുടർന്ന് മാളികപ്പുറം നടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും.
ഇന്ന് ആരാധനാപൂജകൾ ഉണ്ടായിരിക്കില്ല.നാളെ പുലർച്ചെ 3 മണിക്ക് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമലയും മാളികപ്പുറവും നടകൾ തുറക്കുന്നതോടെ തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കമാകും.ദിവസവും പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും, ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയും ദർശനം നടത്താം. വെർച്വൽ ക്യൂ ബുക്കിംഗിൽ ഡിസംബർ 2 വരെ ഒഴിവുകളൊന്നുമില്ല ഇതിനകം 70,000 പേർ ബുക്ക് ചെയ്തിട്ടുണ്ട്. സ്പോട്ട് ബുക്കിംഗിലൂടെ ദിവസം 20,000 പേര്‍ക്ക് ദർശനം അനുവദിക്കും. ദിവസവും ആകെ 90,000 തീർത്ഥാടകർക്കാണ് ദർശനാനുമതി.പമ്പയിൽ ഒരേസമയം 10,000 തീർത്ഥാടനം വിശ്രമിക്കാനാകുന്ന പത്ത് നടപ്പന്തലുകളും ജർമ്മൻ പന്തലും സജ്ജീകരിച്ചിട്ടുണ്ട്.


