ന്യൂഡൽഹി: പഹൽഗാം ഭീകരന് അക്കൗണ്ടിലൂടെ പണം നൽകിയെന്നും കേസിൽ പ്രതി ചേർക്കുകയാണെന്നുമുള്ള തട്ടിപ്പുസംഘത്തിന്റെ ഫോൺ വിളിക്ക് പിന്നാലെ അഭിഭാഷകൻ ജീവനൊടുക്കി. ഭോപ്പാലിലെ ജഹാംഗിറാബാദ് സ്വദേശിയായ ശിവകുമാർ വർമയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.’ആരോ എന്റെ പേരിൽ എച്ച്‌ഡിഎഫ്സിയിൽ ഒരു വ്യാജ അക്കൗണ്ട് എടുക്കുകയും അതിലൂടെ പഹൽഗാം ഭീകരനായ ആസിഫിന് പണം കൈമാറുകയും ചെയ്‌തു.
ഒരു രാജ്യദ്രോഹിയായും ഒറ്റുകാരനായും ചിത്രീകരിക്കപ്പെടുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണ്’ എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. ഭോപ്പാലിൽ ദുരന്തമുണ്ടായപ്പോൾ നൂറുകണക്കിന് പേരുടെ അന്ത്യകർമങ്ങൾ താൻ ചെയ്തിട്ടുണ്ടെന്നും അതിന് അന്നത്തെ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസ ലഭിച്ചിരുന്നുവെന്നും അങ്ങനെയൊക്കെ പൊതുസേവകനായി കഴിഞ്ഞ തനിക്ക് രാജ്യത്തെ ഒറ്റുകൊടുക്കാൻ കഴിയില്ലെന്നും വർമ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വർമയുടെ കുടുംബാംഗങ്ങൾ സംഭവസമയത്ത് ഡൽഹിയിലും പൂനെയിലുമായിരുന്നു. വർമയെ വിളിച്ചിട്ട് ഫോണെടുക്കാത വന്നതോടെ ഭാര്യയ്ക്ക് ആശങ്കയായി. ഇതോടെ വാടകക്കാരനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അദ്ദേഹമെത്തി ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ വർമയെ കണ്ടെത്തിയത്. ഉടൻ തന്നെ വാതിൽ പൊളിച്ച് അകത്ത് കയറി വർമയെ എടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.തട്ടിപ്പുസംഘമാണ് വർമയെ ഡിജിറ്റൽ അറസ്‌റ്റിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും ഇവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഭോപ്പാൽ പൊലീസ് കമ്മിഷണർ അറിയിച്ചു. ഇത്തരത്തിൽ ഭീഷണികൾ ഉണ്ടായാൽ ആശങ്കപ്പെടരുതെന്നും ഉടൻ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയാണ് വേണ്ടതെന്നും കമ്മിഷണർ പറഞ്ഞു.
സൈബർ തട്ടിപ്പു സംഘങ്ങൾ ഭോപ്പാലിലെ മുതിർന്ന അഭിഭാഷകരെ ലക്ഷ്യമിടുന്നത് ഇതാദ്യമായല്ല. നവംബർ മൂന്നിന് കോഇ ഫിസയിലെ അഭിഭാഷകന് നേരെയും സമാന ഭീഷണിയുണ്ടായി. തലനാരിഴയ്ക്കാണ് സമ്പാദ്യം നഷ്ടമാകാതെ ഇദ്ദേഹം രക്ഷപെട്ടത്.


