കോട്ടയം: വിജ്ഞാനവും വിനോദവും ഇഴചേരുന്ന ബസേലിയസ് കോളേജ് കാർണിവൽ ‘ലൂമിനോറ’ നാളെ (നവംബർ 28ന്) .ശാസ്ത്രസാങ്കേതികപ്രദർശനവും കലാസന്ധ്യയും ഭക്ഷ്യമേളയും ഉൾപ്പെടുന്ന ജില്ലയിലെ തന്നെ ഏറ്റവും വലിയ കോളേജ് കാർണിവലാണ് ‘ലൂമിനോറ- ബസേലിയസ് കാർണിവൽ 2K25’. നാളെ (നവംബർ 28ന്) രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് ശാസ്ത്രസാങ്കേതിക പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്. കോളേജ് ഓഡിറ്റോറിയത്തിലും സയൻസ് ബ്ലോക്കിലുമായി നടക്കുന്ന പ്രദർശനത്തിൽ ക്യൂരിയോസിറ്റി വിഭാഗത്തിൽ വിവിധ സർക്കാർ-സർക്കാറിതര സ്ഥാപനങ്ങൾ പങ്കെടുക്കും.
എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് ബഹേവിയറൽ സയൻ്സ്, സ്‌കൂൾ ഓഫ് എൺവിയോൻമെന്റൽ സയൻസ്, മഹാത്മാഗാന്ധി ഇന്നോവേഷൻ ഫൗണ്ടേഷൻ, സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ്, നെറ്റ്‌കോം അക്കാഡമിയുടെ റോബോർട്ടിക് വിഭാഗം, എന്നിവർ ഒരുക്കുന്ന സ്റ്റാളുകളും കോളേജിലെ തന്നെ ശാസ്ത്ര-സാങ്കേതിക പഠനവിഭാഗങ്ങൾ ഒരുക്കുന്ന സ്റ്റാളുകളും ഉണ്ട്. അനാട്ടമി പ്രദർശനത്തിൽ മനുഷ്യരുടെ ആന്തരിക അവയവങ്ങൾ കാണുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രദർശനം കാണാനെത്തുന്ന വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പ് എക്‌സപോ, ജ്യോതിശാസത്രം, ബഹിരാകാശശാസ്ത്രം, വർക്കിങ് മോഡൽസ് എന്നിവ കാണുന്നതിനും തത്സമയപരീക്ഷണ നിരീക്ഷണങ്ങളും കണ്ടുമനസ്സിലാക്കുന്നതിനും ശാസ്ത്രസാങ്കേതിക ലാബുകൾ കാണുന്നതിനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ശാസ്ത്രസാങ്കേതിക പ്രദർശനത്തിലായി 30ൽ അധികം സ്റ്റാളുകൾ ഉണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർണിവലിന്റെ ഭാഗമായി മികച്ച ശാസ്ത്രപ്രതിഭകളെ കണ്ടെത്താനായി സംസ്ഥാനതലത്തിൽ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി വർക്കിങ് മോഡലുകളുടെ പ്രദർശനമത്സരവും ഉണ്ട്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി 40ൽ അധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വൈകിട്ട് 5.30 മുതൽ 8.30വരെ ആംഫിതീയേറ്ററിൽ നടക്കുന്ന കൾച്ചറൽ നൈറ്റായ ‘തരംഗി’ൽ ബസേലിയസ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ നൃത്ത-നൃത്യ-നാട്യപരിപാടികൾ അരങ്ങേറും. കൾച്ചറൽനൈറ്റിൽ കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്ന വിനോദമേഖലയായ ‘യുഫോറിയ’യിൽ കാത്തിരിക്കുന്നത് രസകരവും നൂതനവും വിവിധ തരത്തിലുള്ളതുമായ മത്സരങ്ങളാണ്. കോളേജ് ഓഡിറ്റോറിയത്തിന് സമീപം തയാറാക്കിയിട്ടുള്ള ‘സിസ്ലി ഹെവൻ’ എന്ന പേരിൽ നടക്കുന്ന ഭക്ഷ്യമേളയിൽ രുചിയൂറുന്ന വിവിധതരം ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർഥികളും അധ്യാപകരും കോളേജ് കാർണിവലിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
കോളേജ് ഓഡിറ്റോറിയം, വിവിധ ക്ലാസ് മുറികൾ, ശാസ്ത്രലാബുകൾ എന്നിവിടങ്ങളിലായിട്ടാണ് സ്റ്റാളുകളും പ്രദർശനങ്ങളും ഒരുക്കിയിരിക്കുന്നത്. കോളേജ് മുറ്റത്ത് സമരമരത്തിന് സമീപത്ത് ഒരുക്കുന്ന ക്രിയേറ്റേഴ്സ് സ്ട്രീറ്റിൽ ഫേസ്പെയിന്റിങ്, മെഹന്ദി, ഫേസ് കാരിക്കേച്ചർ, ആഭരണസ്റ്റാളുകൾ എന്നിവയും ഉണ്ടായിരിക്കും. കോളേജ് കാർണിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. ബിജു തോമസ്, വൈസ് പ്രിൻസിപ്പൽ പ്രഫ.ഡോ.പി. ജ്യോതിമോൾ, ജനറൽ കൺവീനർ നിബു ബി. തോമസ് എന്നിവർ അറിയിച്ചു.
ഹരിതകർമ്മസേനാംഗങ്ങൾക്ക് ആദരവും പരിശീലനവും നാളെ (28)
കാർണിവലിന്റെ ഭാഗമായി നഗരസഭയുടെ സഹകരണത്തോടെ ഹരിത കർമ്മസേനാംഗങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിംഗ് പ്രവർത്തി പരിചയശിൽപശാല ‘ഹരിത ജ്യോതി’ നടത്തും. നാളെ(28) രാവിലെ 10.30ന് നടക്കുന്ന പരിശീലനപരിപാടിയിൽ വച്ച് നഗരസഭയിലെ മുഴുവൻ ഹരിതസേനാംംഗങ്ങളെയും ആദരിക്കും. തുടർന്ന് ഹരിതകർമ്മസേനാംഗങ്ങളെ ഡിജിറ്റൽ ലോകത്തിലെ അടിസ്ഥാന മാർക്കറ്റിംഗ് നൈപുണികളിൽ പരിശീലനം നൽകുകയും അവരുടെ പ്രവർത്തനങ്ങളിലും ജനങ്ങളുമായുള്ള ബന്ധത്തിലും കൂടുതൽ കാര്യക്ഷമത സൃഷ്ടിക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം.
മുനിസിപ്പാലിറ്റി പരിധിയിലുള്ള അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ പരിശീലനം, അവരെ ഡിജിറ്റൽ ആയി ആത്മവിശ്വാസികളാക്കും. ഡിജിറ്റൽ മാർക്കറ്റിംഗ് എന്താണെന്ന് ലളിതമായി മനസിലാക്കിക്കുക, സാമൂഹികമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി ഫോട്ടോ, വീഡിയോ, റീലുകൾ എങ്ങനെ തയാറാക്കി പോസ്റ്റുചെയ്യാമെന്നും വാട്ട്‌സാപ്പ് ബിസിനസ്സിൽ ബ്രോഡ്കാസ്റ്റ് ലിസ്റ്റ്, ക്വിക്ക് റിപ്ലൈ, ലേബൽസ് എന്നിവ ഉപയോഗിച്ച് എങ്ങനെ പ്രൊഫഷണലായി വിവരങ്ങൾ കൈമാറാൻ കഴിയുമെന്നും ചെറുകിട ബിസിനസ്സുകൾ ആരംഭിക്കാൻ കഴിയുമെന്നും പരിശീലനം നൽകും.
ഒപ്പം കാൻവാ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് മാലിന്യശേഖരണ തീയതികളും ശുചിത്വ സന്ദേശങ്ങളും ഉൾപ്പെടുത്തിയ ലളിതമായ പോസ്റ്ററുകൾ സൃഷ്ടിക്കുക, ഗൂഗിൾമാപ്പ് ഉപയോഗിച്ച് ശേഖരണ സ്ഥലങ്ങൾ പങ്കുവയ്ക്കുവയ്ക്കുകയും മാർഗ നിർദ്ദേശം ലളിതമാക്കുകയും ചെയ്യുകയെന്നതാണ് പരിശീനത്തിലൂടെ ഉദ്ദേശിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ഹരിതസേനാംഗങ്ങളും ഇന്റർനെറ്റ് അധിഷ്ഠിത ആൻഡ്രോയിഡ് ഫോൺ കരുതണമെന്ന് സംഘാടകർ അറിയിച്ചു.


